ന്യൂ സൗത്ത് വെയിൽസിൽ 644 കൊവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്.
നാലു പേർ കൂടി സംസ്ഥാനത്ത് മരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാനും നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനും സർക്കാർ തീരുമാനിച്ചത്.
ഗ്രേറ്റർ സിഡ്നി മേഖലയിലെ ലോക്ക്ഡൗൺ സെപ്റ്റംബർ അവസാനം വരെ നീട്ടുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 28 വരെയായിരുന്നു നിലവിലെ ലോക്ക്ഡൗൺ. ഇതാണ് ഒരു മാസം കൂടി നീട്ടിയിരിക്കുന്നത്.
ഓഗസ്റ്റ് 23 തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നതും കൂടുതൽ നിർബന്ധിതമാക്കിയിട്ടുണ്ട്.
വീടിനു പുറത്തായിരിക്കുമ്പോൾ എല്ലായ്പ്പോഴും മാസ്ക് ധരിക്കണം എന്നാണ് പുതിയ നിർദ്ദേശം.
അതായത്, ഔട്ട്ഡോർ മേഖലകളിലും മാസ്ക് നിർബന്ധമാകും. കഠിനമേറിയ വ്യായാമങ്ങൾ ചെയ്യുമ്പോൾ മാത്രമേ ഇതിന് ഇളവുണ്ടാകൂ.
പാർക്കിൽ നടക്കാൻ പോകുമ്പോൾ പോലും മാസ്ക് ധരിക്കണമെന്ന് പ്രീമിയർ നിർദ്ദേശിച്ചു. തൊട്ടടുത്തുകൂടി നടന്നുപോകുന്നവരിൽ നിന്ന് പോലും ഡെൽറ്റ വൈറസ് ബാധിക്കാനുള്ള സാധ്യത കാരണമാണ് ഇതെന്നും പ്രീമിയർ പറഞ്ഞു.
രാത്രികാല കർഫ്യൂ
കൊവിഡ്ബാധ അതീവ രൂക്ഷമെന്ന് കണ്ടെത്തിയ 12 കൗൺസിൽ മേഖലകളിൽ അടുത്ത തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനും തീരുമാനിച്ചു.
Bayside, Blacktown, Burwood, Campbelltown, Canterbury-Bankstown, Cumberland, Fairfield, Georges River, Liverpool, Parramatta, Strathfield എന്നീ കൗൺസിലുകളിൽ പൂർണമായും, പെൻറിത്തിന്റെ ചില ഭാഗങ്ങളിലും കർഫ്യൂ ഉണ്ടാകും.
ഈ കൗൺസിലുകളിലെ പുതിയ നിയന്ത്രണങ്ങൾ ഇവയാണ്.
- രാത്രി ഒമ്പതു മണി മുതൽ രാവിലെ അഞ്ചു മണി വരെ വീടിന് പുറത്തിറങ്ങാൻ കഴിയില്ല (അംഗീകൃത ജോലിയിലുള്ളവർക്കും എമർജൻസി ജീവനക്കാർക്കും ഒഴികെ)
- ഔട്ട്ഡോർ വ്യായാമം ദിവസം ഒരു മണിക്കൂർ മാത്രം
- കൂടുതൽ റീട്ടെയ്ൽ സ്ഥാപനങ്ങളിൽ ക്ലിക്ക് ആന്റ് കളക്ട് മാത്രം: ചെടികൾ വിൽക്കുന്ന നഴ്സറികൾ, ഓഫീസ് സാധനങ്ങൾ, ഹാർഡ്വെയർ, ലാന്റ്സ്കേപ്പിംഗ് സാധനങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള സാധനങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള കടകൾ.
- HSC ഒഴികെ മറ്റെല്ലാ പരീക്ഷകളും, ജോലിസംബന്ധമായ പരിശീലനങ്ങളും ഓൺലൈൻ രൂപത്തിലേക്ക് മാറും
- ഈ പ്രദേശങ്ങളിൽ ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ എല്ലാ ചൈൽഡ്കെയർ-ഡിസെബിലിറ്റി കെയർ ജീവനക്കാരും ഓഗസ്റ്റ് 30ന് മുമ്പ് നിർബന്ധമായും വാക്സിനെടുക്കണം.
- ഈ കൗൺസിലിന് പുറത്ത് ജോലി ചെയ്യുന്ന അംഗീകൃത ജീവനക്കാർക്ക് ഓഗസ്റ്റ് 30ന് മുമ്പ് ആദ്യഡോസ് വാക്സിനെടുക്കുകയോ, തൊഴിൽസ്ഥലത്ത് റാപിഡ് ആന്റിജൻ പരിശോധന നടത്തുകയോ ചെയ്താൽ മാത്രമേ ജോലിക്കായിപോകാൻ കഴിയൂ.
- ഓഗസ്റ്റ് 28 മുതൽ ഇവർ സർവീസ് NSWൽ നിന്നുള്ള പെർമിറ്റ് കരുതുകയും വേണം.
പൊലീസിനുള്ള അധികാരം വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഈ കൗൺസിൽ മേഖലകൾക്ക് പുറത്തു ജീവിക്കുന്നവർ മതിയായ കാരണമില്ലാതെ ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്താൽ 1,000 ഡോളർ പിഴയീടാക്കുകയും, 14 ദിവസത്തെ ഐസൊലേഷൻ നിർദ്ദേശിക്കുകയും ചെയ്യും.
അപ്പാർട്ടമെന്റുകൾ ലോക്ക്ഡൗണിലാക്കാനും, കെട്ടിടങ്ങളെ കൊവിഡ് സാധ്യതാ മേഖലകളായി പ്രഖ്യാപിക്കാനും പൊലീസിന് അധികാരം ലഭിക്കും.
അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ കുട്ടികലെ ചൈൽഡ് കെയറിൽ വിടാതിരിക്കാനും രക്ഷിതാക്കൾ തയ്യാറാകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
സ്കൂളുകളിലെ അടുത്ത ടേം എങ്ങനെയാകുമെന്നും, വാക്സിനേഷൻ നിരക്ക് വർദ്ധിച്ച ശേഷം നിയന്ത്രണങ്ങളിൽ എന്തു മാറ്റമുണ്ടാകുമെന്നും വൈകാതെ പ്രഖ്യാപിക്കുമെന്നും പ്രീമിയർ അറിയിച്ചു.
SBS is providing live translations of daily New South Wales and Victoria COVID-19 press conferences in various languages.