വാഗ വാഗയിൽ നിന്നുള്ള മുൻ എം പി ഡാരിൽ മഗ്വയറിനെക്കുറിച്ച് നടക്കുന്ന അഴിമതി വിരുദ്ധ കമ്മീഷന്റെ (ICAC) അന്വേഷണത്തിലാണ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ തെളിവു നൽകിയത്.
2018 വരെ എം പിയായിരുന്ന ഡാരിൽ മഗ്വയർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വന്തം ബിസിനസിൽ നേട്ടമുണ്ടാക്കി എന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.
മറ്റൊരു അഴിമതിക്കേസിലെ അന്വേഷണത്തെ തുടർന്ന് 2018ൽ ബെറെജെക്ലിയൻ സർക്കാരിൽ എം പിയായിരുന്ന മഗ്വയർ രാജിവച്ചിരുന്നു.
2015 മുതൽ മഗ്വയറുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും, എന്നാൽ അത് തീർത്തും സ്വകാര്യ വിഷയമായതിനാലാണ് പരസ്യമാക്കാത്തതെന്നും ബെറെജെക്ലിയൻ അന്വേഷണ കമ്മീഷനെ അറിയിച്ചു.
ഭരണകക്ഷി എം പിമാർക്ക് പോലും ഇക്കാര്യം അറിയില്ലായിരുന്നു.
ഒരു മാസം മുമ്പു വരെ പരസ്പരം സംസാരിച്ചിട്ടുണ്ടെന്നും പ്രീമിയർ വ്യക്തമാക്കി.
സെപ്റ്റംബർ 13നാണ് ഇരുവരും അവസാനം സംസാരിച്ചത്. എന്നാൽ അഴിമതി വിരുദ്ധ കമ്മീഷനു മുന്നിൽ ഹാജരാകാൻതീരുമാനിച്ച ശേഷം മഗ്വയറുമായി താൻ സംസാരിച്ചിട്ടില്ലെന്നും ബെറെജെക്ലിയൻ പറഞ്ഞു.
2015 മുതൽ നിലനിന്ന ബന്ധത്തിനിടയിൽ മഗ്വയർ പല തവണ സാമ്പത്തിക വിഷയങ്ങളും ബിസിനസ് താൽപര്യങ്ങളും തന്നോട് സംസാരിച്ചിട്ടുണ്ടെന്നും പ്രീമിയർ പറഞ്ഞു.

Ông Daryl Maguire từ chức năm 2018 khi phải ra trước ICAC lúc đó. Source: AAP
എന്നാൽ തനിക്ക് അത്തരം വിഷയങ്ങളിൽ താൽപര്യമില്ലായിരുന്നുവെന്നും, അതിനാൽ പലപ്പോഴും അത്തരം കാര്യങ്ങൾ താൻ അവഗണിക്കുകയായിരുന്നുവെന്നും പ്രീമിയർ അറിയിച്ചു.
താൻ സ്വതന്ത്രയായ വ്യക്തിയാണെന്നും, അതിനാൽ മഗ്വയറിന്റെ സാമ്പത്തിക സ്ഥിതി എന്താണ് എന്നത് തനിക്ക് വിഷയമായിരുന്നില്ലെന്നും ബെറെജെക്ലിയൻ പറഞ്ഞു.
പശ്ചിമ സിഡ്നിയിലെ ഒരു ഭൂവുടമയ്ക്ക് മഗ്വയർ പ്രീമിയറുടെ ഇമെയിൽ വിലാസം നൽകിയെന്ന വിവരം ICACയിൽ ഉയർന്നു വന്നതോടെയാണ് ഗ്ലാഡിസ് ബെറെജെക്ലിയന്റെ പേര് ഈ അന്വേഷണത്തിലേക്ക് വരുന്നത്.