ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാർക്ക് എളുപ്പത്തിൽ ഓസ്‌ട്രേലിയൻ വിസ നൽകുന്ന കാര്യം വിലയിരുത്തുന്നതായി ഓസ്‌ട്രേലിയൻ സർക്കാർ വ്യക്തമാക്കി.
ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി കമ്മിറ്റി ഫോർ ഇക്കണോമിക് ഡിവലപ്മെന്റ് ഓഫ് ഓസ്ട്രേലിയ (CEDA) സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണ് പരിഗണനയിൽ.
ഓസ്‌ട്രേലിയയിലുള്ള പല ബഹുരാഷ്ട്ര കമ്പനികളും അവരുടെ മറ്റു രാജ്യങ്ങളിലെ ജീവനക്കാർക്ക് ഓസ്‌ട്രേലിയിലേക്കുള്ള ട്രാൻസ്ഫറുകൾ എളുപ്പമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരുന്നു.
നിലവിൽ താൽക്കാലിക സ്കിൽ ഷോർട്ടേജ് വിസ അല്ലെങ്കിൽ പെർമെനന്റ് സ്‌കിൽഡ് വിസ വഴിയുള്ള അപേക്ഷയാണ് നൽകുന്നതെന്നും, ഇവയ്ക്ക് കുറഞ്ഞത് ആറു മാസം കാലതാമസമുള്ളതായും CEDA ചീഫ് ഇക്കണോമിസ്റ്റ് ജറോഡ് ബോൾ ചൂണ്ടിക്കാട്ടി.
ഇതിന് പകരമായി പെർമെനന്റ് റെസിഡൻസിയിലേക്ക് വഴി തെളിക്കുന്ന നാല് വർഷത്തെ പുതിയ വിസയാണ് CEDA നിർദ്ദേശിക്കുന്നത്.
ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാരുടെ ആഭ്യന്തര ട്രാൻസ്ഫറുകൾ പൊതു വിസാ വിഭാഗത്തിൽ നിന്ന് മാറ്റി എളുപ്പത്തിൽ നടപ്പിലാക്കുകയാണ് ലക്ഷ്യം.
വിശ്വാസ്യതയുള്ള കമ്പനികൾക്ക്, ജീവനക്കാരെ ട്രാൻസ്ഫർ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം ഉപയോഗിക്കാൻ അംഗീകാരം നൽകുന്ന പുതിയ വിസയാണ് നിർദ്ദേശിക്കുന്നത്.
ഉയർന്ന വരുമാനമുള്ളവർക്ക് മാത്രം ബാധകമാക്കുന്ന രീതിയാണ് നിർദ്ദേശിക്കുന്നത്. ഏകദേശം ഒരു ലക്ഷം ഡോളറിലധികം വാർഷിക വരുമാനം ലഭിക്കുന്നവർക്കായിരിക്കും പദ്ധതി ഉദ്ദേശിക്കുന്നതെന്ന് ജറോഡ് ബോൾ പറഞ്ഞു.

Staff from overseas offices could be more easily transferred to Australia under a proposal being considered by the federal government. Source: Getty / XiXinXing/iStockphoto
തട്ടിപ്പ് തടയാൻ മാനദണ്ഡങ്ങൾ പാലിക്കണം
പദ്ധതിയിലൂടെ വിസ ലഭിക്കുന്നവർ അർഹരായ യഥാർത്ഥ ജീവനക്കാരാണെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നുവെന്നും ജറോഡ് ബോൾ ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന് കുറഞ്ഞത് ഒരു വർഷം കമ്പനിയിൽ ജോലി ചെയ്തിട്ടുള്ള വ്യക്തി.
ഉന്നത സാങ്കേതിക രംഗത്തുള്ള കമ്പനികളെ ഇങ്ങനെയൊരു മാറ്റം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യാന്തര നിലവാരമുള്ള വിദഗ്ദ്ധർ ഓസ്‌ട്രേലിയയിലെ കമ്പനികളിൽ പ്രവർത്തിക്കുന്നത് പ്രാദേശിക രംഗത്തും നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലും ബ്രിട്ടനിലും ബഹുരാഷ്ട്ര കമ്പനികളിലെ മികച്ച ജീവനക്കാരുടെ വിസ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്ന സംവിധാനങ്ങൾ നിലവിലുള്ളതായി ജറോഡ് ബോൾ ചൂണ്ടിക്കാട്ടി.
സർക്കാർ തീരുമാനം 2023ൽ ഉണ്ടാകാൻ സാധ്യത
അടുത്ത വർഷം ഏപ്രിൽ മാസത്തോടെ CEDA സർക്കാരിന് നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ അന്തിമ റിപ്പോർട്ട് നൽകുമെന്നാണ് സൂചന.
ഈ പദ്ധതിയെ സർക്കാർ ഗൗരവത്തോടെ വിലയിരുത്തുന്നതായി കുടിയേറ്റകാര്യ മന്ത്രി ആൻഡ്രൂ ജൈൽസ് വ്യക്തമാക്കി.
2023 ൽ ഇതേക്കുറിച്ച് തീരുമാനം എടുക്കാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.