ജീവനക്കാർക്ക് ശമ്പളം കുറച്ചുകൊടുത്താൽ നാലു വർഷം തടവും 5.5 മില്യൺ ഡോളർ വരെ പിഴയും: പുതിയ നിയമം കൊണ്ടുവരുന്നു

ജീവനക്കാർക്ക് മനപൂർവം ശമ്പളം കുറച്ചു നൽകുന്നതും, സൂപ്പറാന്വേഷനും ഓവർടൈം ആനുകൂല്യവും നൽകാതിരിക്കുന്നതും ക്രിമിനൽ കുറ്റമാക്കാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു. ഇത്തരത്തിൽ “ശമ്പള മോഷണം” നടത്തുന്ന സ്ഥാപനങ്ങൾക്കും അവയുടെ ഉടമകൾക്കുമെതിരെ കടുത്ത ശിക്ഷ നൽകാൻ പാർലമെന്റിൽ പുതിയ ബിൽ കൊണ്ടുവരും.

pick pocket

Source: lifehacker

Highlights
  • ബോധപൂർവം ശമ്പളം കുറച്ചുകൊടുത്താൽ ക്രിമിനൽ കേസെടുക്കാം
  • സ്ഥാപന ഉടമകൾക്ക് 1.1 മില്യൺ ഡോളർ പിഴയും 4 വർഷം വരെ തടവും
  • സ്ഥാപനങ്ങൾക്ക് 5.5 മില്യൺ ഡോളർ വരെ പിഴ
  • കാഷ്വൽ ജീവനക്കാർക്ക് സ്ഥിര നിയമനത്തിന് അർഹത
ഓസ്ട്രേലിയയിൽ വിവിധ തൊഴിൽമേഖലകളിലെ ജീവനക്കാരുടെ നിയമനരീതികളും, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുന്നതിനുള്ള ഇൻഡസ്ട്രിയൽ റിലേഷൻസ് ചട്ടക്കൂട് ഉടച്ചുവാർക്കാനാണ് ഫെഡറൽ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇതിനുള്ള ബിൽ ബുധനാഴ്ച ഫെഡറൽ പാർലമെന്റിൽ അവതരിപ്പിക്കും.

പല പ്രമുഖ വാണിജ്യ ശൃംഖലകളുൾപ്പെടെ ജീവനക്കാർക്ക് വേതനം കുറച്ചു നൽകുന്നതും, കാഷ്വൽ ജീവനക്കാരെ ചൂഷണം ചെയ്യുന്നതുമൊക്കെ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്നാണ് തൊഴിൽരംഗം പരിഷ്കരിക്കുന്നതിനായി സർക്കാർ കഴിഞ്ഞ വർഷം മാർഗ്ഗരേഖ തയ്യാറാക്കുകയും പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ നിയമമാണ് പാർലമെന്റിലെത്തുന്നത്.

“ശമ്പള മോഷണം” ക്രിമിനൽ കുറ്റമാക്കും

നിലവിൽ ജീവനക്കാർക്ക് ശമ്പളം കുറച്ചു നൽകുന്നത് സിവിൽ കുറ്റമായാണ് കണക്കാക്കുന്നത്.

വേജ് തെഫ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. 

വിദേശത്തു നിന്ന് സ്പോൺസേർഡ് വിസയിൽ എത്തുന്നവർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് ശമ്പളം കുറച്ചു നൽകിയാൽ പിഴ മാത്രമാണ് നിലവിലെ ശിക്ഷ.

എന്നാൽ ഇത് ക്രിമിനൽ കുറ്റമാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ജീവനക്കാർക്ക് ബോധപൂർവം ശമ്പളം കുറച്ചു നൽകുകയോ, മതിയായ ആനുകൂല്യങ്ങൾ നൽകാതിരിക്കുകയോ ചെയ്താലാണ് അത് ക്രിമിനൽ കുറ്റമാകുക.
അത്തരത്തിൽ ക്രിമിനൽ കേസെടുത്താൽ, സ്ഥാപന ഉടമകൾക്ക് പരമാവധി നാലു വർഷം ജയിൽ ശിക്ഷയും, 1.1 മില്യൺ ഡോളർ വരെ പിഴയും നൽകാം.

ഇത്തരത്തിൽ ജീവനക്കാരുടെ ശമ്പളം മോഷ്ടിക്കുന്ന സ്ഥാപനങ്ങൾക്ക് 5.5 മില്യൺ ഡോളർ വരെ പിഴയീടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ടാകും.

സെവൻ ഇലവൻ പോലുള്ള പല വൻകിട കമ്പനികളും വ്യാപകമായി തന്നെ ജീവനക്കാർക്ക് ശമ്പളം കുറച്ചു നൽകുന്നതായി കണ്ടെത്തിയിരുന്നു.

ബോധപൂർവമല്ലാത്ത തെറ്റുകൊണ്ടോ, അബദ്ധത്തിലോ ശമ്പളം കുറച്ചു നൽകിയാലും, ഒറ്റത്തവണ മാത്രമാണ് ശമ്പളം കുറഞ്ഞതെങ്കിലും ഈ നിയമ പ്രകാരം കേസെടുക്കാൻ കഴിയില്ല.

മറിച്ച്, ബോധപൂർവം തുടർച്ചയായി ജീവനക്കാർക്ക് ശമ്പളം കുറച്ചു നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയാകും കേസ്.
Attorney-General Christian Porter.
Attorney-General Christian Porter. Source: AAP
“ജീവനക്കാരെ ബോധപൂർവം ചൂഷണം ചെയ്യുന്ന ചെറിയൊരു വിഭാഗം തൊഴിലുടമകളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതാകും ഈ നിയമം” എന്ന് അറ്റോർണി ജനറൽ ക്രിസ്റ്റ്യൻ പോർട്ടർ പറഞ്ഞു.
ഇത്തരത്തിൽ ബോധപൂർവം ശമ്പളം കുറച്ചു നൽകുന്ന സ്ഥാപനങ്ങളുടെ മേധാവികൾക്ക് അഞ്ചു വർഷത്തെ വിലക്കേർപ്പെടുത്താനും നിയമത്തിൽ വ്യവസ്ഥയുണ്ടാകും.
സ്ഥാപനങ്ങളുടെ മേധാവിത്വം വഹിക്കുന്നതിൽ നിന്നാകും വിലക്ക്.

കാഷ്വൽ ജീവനക്കാർക്ക് സ്ഥിര നിയമനം

ഒരേ സ്ഥാപനത്തിൽ സ്ഥിരം ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന കാഷ്വൽ ജീവനക്കാർക്ക് സ്ഥിര നിയമനത്തിൻ അർഹത നൽകുന്നതാകും നിയമത്തിലെ ഏറ്റവും പ്രധാന വ്യവസ്ഥകളിലൊന്ന്.

തുടർച്ചയായി ഒരു വർഷമെങ്കിലും സ്ഥിരം ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കാണ് സ്ഥിര നിയമനം ആവശ്യപ്പെടാൻ കഴിയുക.

രാജ്യത്ത് നിലവിൽ 26 ലക്ഷത്തോളം കാഷ്വൽ ജീവനക്കാരാണ് ഉള്ളത്. ഇതിൽ 13.5 ലക്ഷം പേരും പതിവായി സ്ഥിരം ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരാണ്.
എന്താണ് കാഷ്വൽ ജീവനക്കാർ എന്നതിന് വ്യക്തമായ നിർവചനവും ഫെയർവർക്ക് നിയമത്തിൽ കൊണ്ടുവരും.
അടുത്ത കാലത്ത് വന്ന ഒരു ഫെഡറൽ കോടതി ഉത്തരവിലൂടെ കാഷ്വൽ ജീവനക്കാർക്ക് ഇരട്ട ആനുകൂല്യം ലഭിക്കുന്നത് പരിഹരിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

കാഷ്വൽ ലോഡിംഗ് ലഭിക്കുന്ന ജീവനക്കാർക്കും മെഡിക്കൽ ലീവിന് അർഹതയുണ്ടാകും എന്നായിരുന്നു കോടതി ഉത്തരവ്. ഇത് പല ബിസിനസുകളെയും ദോഷകരമായി ബാധിക്കും എന്നായിരുന്നു ആശങ്ക.



എന്നാൽ കാഷ്വൽ ലീവ് ലോഡിംഗോ, പ്രത്യേക ശമ്പള നിരക്കോ നൽകി ഇത് പരിഹരിക്കാനാണ് നിയമത്തിലെ വ്യവസ്ഥ.

നിയമത്തോട് എങ്ങനെ പ്രതികരിക്കും എന്ന കാര്യം പാർലമെന്റിൽ ബില്ലിന്റെ വിശദാംശങ്ങൾ കണ്ട ശേഷമേ തീരുമാനിക്കൂ എന്ന് ലേബർ പാർട്ടി വ്യക്തമാക്കി.


Share
Published 8 December 2020 12:47pm
Updated 8 December 2020 12:49pm
By SBS Malayalam
Source: SBS


Share this with family and friends