കഴിഞ്ഞ ആറു മാസത്തിനിടെ കൊവിഡ് ബാധിക്കുകയോ വാക്സിനെടുക്കുകയോ ചെയ്യാത്ത എല്ലാവർക്കും, ഫെബ്രുവരി 20 തിങ്കളാഴ്ച മുതൽ ബൂസ്റ്റർ ഡോസ് നൽകും എന്നാണ് സർക്കാർ പ്രഖ്യാപിച്ചത്.
30 വയസിനു മേൽ പ്രായമുള്ളവർക്ക് രാജ്യത്ത് നൽകുന്ന അഞ്ചാമത്തെ ഡോസ് കൊവിഡ് വാക്സിനായിരിക്കും ഇത്.
ഈ പ്രായവിഭാഗത്തിലുള്ളവർക്ക് രണ്ടു ബൂസ്റ്റർ ഡോസുകൾ നേരത്തേ ലഭ്യമാക്കിയിരുന്നു.
18 മുതൽ 30 വരെ വയസുള്ളവർക്ക് ഒരു ബൂസ്റ്റർ ഡോസാണ് നൽകിയിട്ടുള്ളത്.
വീണ്ടും വാക്സിനെടുക്കണോ?
ഒരിക്കൽ കൊവിഡ് ബാധിച്ചാൽ ശരീരത്തിൽ വൈറസിനെതിരെയുള്ള ആന്റിബോഡികൾ രൂപപ്പെടും.
വീണ്ടും വൈറസ് ബാധിക്കുന്നതിൽ നിന്ന് ഇത് താൽക്കാലികമായി പ്രതിരോധശേഷി നൽകും. എന്നാൽ ദീർഘകാല പ്രതിരോധത്തിന് ഈ ആന്റിബോഡികൾ മതിയാവില്ല എന്നാണ് വിദഗ്ധർ പറയുന്നത്.
മുമ്പെടുത്ത വാക്സിനുകളിൽ നിന്നോ, മുൻ രോഗബാധയിൽ നിന്നോ ലഭിക്കുന്ന പ്രതിരോധ ശേഷി കാലക്രമത്തിൽ കുറയുമെന്ന് പകർച്ചവ്യാധി ചികിത്സാ വിദഗ്ധനായ പോൾ ഗ്രിഫിൻ ചൂണ്ടിക്കാട്ടി.
മാത്രമല്ല, വൈറസിന് നിരവധി രൂപമാറ്റം വന്നിട്ടുണ്ട്. പുതിയ വേരിയന്റുകളെ നേരിടാൻ മുമ്പ് രോഗം ബാധിച്ചതുമൂലമുണ്ടായ ആന്റിബോഡികൾ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മർഡോക്ക് ചിൽഡ്രൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പീഡിയാട്രിക് ആന്റ് ഇമ്മ്യൂണൈസേഷൻ വിദഗ്ധയായ മാർഗീ ഡാൻചിനും ഇതിനോട് യോജിച്ചു.
രോഗം ബാധിക്കുകയും വാക്സിനെടുക്കുകയും ചെയ്തവർക്കായിരിക്കും ഏറ്റവും മികച്ച പ്രതിരോധശേഷി. എന്നാൽ, കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇത് രണ്ടും ഉണ്ടായിട്ടില്ലെങ്കിൽ പുതിയ വൈറസിനെ പ്രതീരോധിക്കാൻ കഴിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
മുമ്പ് ഓസ്ട്രേലിയയിൽ നൽകിയിട്ടുള്ള ബൂസ്റ്റർ വാക്സിനുകൾ കൊവിഡിന്റെ ഡെൽറ്റ, ഒമൈക്രോൺ വേരിയന്റുകളെ പ്രതിരോധിക്കാൻ ഉള്ളതാണ്.

Federal Health Minister Mark Butler said booster uptake was more than 70 per cent among people aged between 65 and 80. Source: AAP / DIEGO FEDELE
ഭാവിയിലും കൊവിഡ് വാക്സിൻ വേണ്ടിവരുമോ?
ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിൻ നിർബന്ധമാക്കിയിട്ടില്ലെങ്കിലും, വാക്സിനെടുക്കാത്തവർക്ക് പല വിധ നിയന്ത്രണങ്ങളും തൊഴിലുടമകളും സ്ഥാപനങ്ങളും നടപ്പാക്കിയിരുന്നു.
എന്നാൽ ഭാവിയിൽ എല്ലാ വർഷവും കൊവിഡ് വാക്സിനെടുക്കുന്ന രീതിയിലേക്ക് മാറാം എന്നാണ് അസോസിയേറ്റ് പ്രൊഫസർ പോൾ ഗ്രിഫിൻ വിശ്വസിക്കുന്നത്.
സ്വന്തമിഷ്ടപ്രകാരം വർഷംതോറും വാക്സിൻ എടുക്കാൻ കഴിയുന്ന രീതിയിലേക്കാകും സ്ഥിതി മാറുക. ഫ്ലൂ വാക്സിൻ പോലെയാകും ഇതെന്നും അദ്ദേഹം പറഞ്ഞു.