മെൽബണിലെ പുതിയ ക്ലസ്റ്ററിൽ കേസുകൾ കൂടുന്നു: ഇളവുകൾ പ്രഖ്യാപിക്കുന്നത് നീട്ടിവച്ചു

വടക്കൻ മെൽബണിലെ പുതിയ കൊറോണവൈറസ് ക്ലസ്റ്ററിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന നടപടി കൂടുതൽ പരിശോധനാ ഫലം വരുന്നതുവരെ വൈകുമെന്ന് സർക്കാർ അറിയിച്ചു.

Victorian Premier Daniel Andrews

Victorian Premier Daniel Andrews Source: AAP

കടുത്ത ലോക്ക്ഡൗൺ നടപടികളിൽ നിന്ന് നേരിയ തോതിൽ പുറത്തുവന്ന വിക്ടോറിയയിൽ കൂടുതൽ ഇളവു നൽകുന്ന കാര്യം ഇന്ന് പ്രഖ്യാപിക്കും എന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്.

എന്നാൽ, വടക്കൻ മെൽബണിലെ പുതിയ കൊവിഡ് ക്ലസ്റ്ററിൽ കേസുകൾ കൂടുകയാണെന്ന് സർക്കാർ അറിയിച്ചു.

ഇതിലെ പല പോസിറ്റീവ് കേസുകളും തമ്മിലുള്ള പരസ്പര ബന്ധം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിക്കുന്നതിന് കുറച്ചുകൂടെ കാത്തിരിക്കേണ്ടി വരുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.


ഈ റിപ്പോർട്ടിൽ...

  • വടക്കൻ മെൽബണിലെ ക്ലസ്റ്ററിൽ 39 കേസുകൾ
  • ഉൾനാടൻ വിക്ടോറിയയിൽ ബുധനാഴ്ച മുതൽ ഇളവുകൾ
  • NSWൽ പുതിയ സാമൂഹിക വ്യാപനമില്ല

ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ കൂടുതൽ പ്രഖ്യാപനം നടത്താൻ കഴിഞ്ഞേക്കും എന്നാണ് പ്രീമിയർ സൂചിപ്പിച്ചത്.

വടക്കൻ മെൽബണിലെ ഈസ്റ്റ് പ്രെസ്റ്റൻ ഇസ്ലാമിക് കോളേജ് കേന്ദ്രീകരിച്ചുള്ള ക്ലസ്റ്ററിലാണ് കേസുകൾ കൂടുന്നത്.

ഏഴു കേസുകളാണ് സംസ്ഥാനത്ത് ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതിൽ ആറു കേസുകളും വടക്കൻ മെൽബൺ ക്ലസ്റ്ററിലാണ്.
ഇതോടെ 11 വീടുകളിലായി ഈ ക്ലസ്റ്ററിൽ 39 കൊവിഡ് കേസുകളായിട്ടുണ്ട്.

വീട്ടിൽ ഐസൊലേറ്റ് ചെയ്യാൻ നിർദ്ദേശിച്ചിരുന്ന ഒരു വിദ്യാർത്ഥി സ്കൂളിലെത്തിയതിനെ തുടർന്നാണ് ഈ ക്ലസ്റ്റർ രൂപപ്പെട്ടത്. ഈ പ്രദേശത്ത് 800ലേറെ പേർ ഐസൊലേഷനിലാണ്.

ആയിരത്തിലേറെ പേരുടെ പരിശോധനാ ഫലം ഇപ്പോൾ കാത്തിരിക്കുകയാണെന്ന് പ്രീമിയർ അറിയിച്ചു.

ആ പരിശോധനാ ഫലങ്ങൾ വന്ന ശേഷം മാത്രമേ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കൂ എന്ന് പ്രീമിയർ അറിയിച്ചു.
A general view of the East Preston Islamic College in Melbourne.
A general view of the East Preston Islamic College in Melbourne. Source: AAP
ബുധനാഴ്ച മുതൽ കൂടുതൽ ഇളവുകൾ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെന്നും, ഇത് വൈകിക്കുന്നത് ജനങ്ങൾക്ക് നിരാശാജനകമാണെന്ന് തിരിച്ചറിയുന്നുണ്ടെന്നും പ്രീമിയർ പറഞ്ഞു. 

എന്നാൽ പരിശോധനാ ഫലം വേഗത്തിൽ ലഭിച്ചാൽ ഒരുപക്ഷേ ബുധനാഴ്ച മുതൽ തന്നെ ഇളവുകൾ നടപ്പാക്കാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 

മെൽബണിലെ 14 ദിവസത്തെ പ്രതിദിന ശരാശരി 4.6 ആയി കുറഞ്ഞിട്ടുണ്ട്.
ശരാശരി അഞ്ചിൽ താഴെയായി കുറയുമ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും എന്നായിരുന്നു സർക്കാർ നേരത്തേ അറിയിച്ചിരുന്നത്.

എന്നാൽ, പുതിയ ക്ലസ്റ്ററിനെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കുന്നതിനാണ് ഇത് ഏതാനും ദിവസങ്ങൾ കൂടി വൈകിക്കുന്നതെന്ന് പ്രീമിയർ പറഞ്ഞു.

ഉൾനാടൻ വിക്ടോറിയയിൽ ഇളവുകൾ

മെൽബണിലെ ഇളവുകൾ വൈകിച്ചെങ്കിലും, ഉൾനാടൻ വിക്ടോറിയയിൽ ബുധനാഴ്ച മുതൽ കൂടുതൽ ഇളവ് നൽകുമെന്ന് പ്രീമിയർ വ്യക്തമാക്കി.

  • ജിമ്മുകളും ഫിറ്റ്നസ് കേന്ദ്രങ്ങളും 20 പേരെ വരെ അനുവദിച്ചുകൊണ്ട് പ്രവർത്തിക്കാൻ അനുവദിക്കും. എട്ടു ചതുരശ്രമീറ്ററിൽ ഒരാൾ എന്ന നിരക്കിൽ, ഒരു മേഖലയിൽ പരമാവധി പത്തു പേരെയാണ് അനുവദിക്കുക.
  • ഇൻഡോർ നീന്തൽക്കുളങ്ങളിൽ 20 പേരെ വരെ അനുവദിക്കും
  • 18 വയസിൽ താഴെയുള്ളവരുടെ ഇൻഡോർ കായിക ഇനങ്ങൾ തുടങ്ങും
  • ഫുഡ് കോർട്ടുകൾ തുറക്കും.
  • ഔട്ട്ഡോർ ഹോസ്പിറ്റാലിറ്റി മേഖലയിൽ തത്സമയ സംഗീത പരിപാടികൾ തുടങ്ങാം
  • സ്കൂൾ ബിരുദദാന ചടങ്ങുകൾ നടത്താം
  • മതപരമായ ചടങ്ങുകൾ - കെട്ടിടങ്ങൾക്കുള്ളിൽ 20 പേരും, പുറത്ത് 50 പേരും. ചടങ്ങിന് നേതൃത്വം നൽകുന്ന ഒരാൾക്ക് പുറമേയാണിത്.

NSWൽ സാമൂഹിക വ്യാപനമില്ല

ന്യൂ സൗത്ത് വെയിൽസിൽ സാമുഹിക വ്യാപനമില്ലാതെ തുടർച്ചയായി മൂന്നു ദിവസം പിന്നിട്ടു.

ഏഴു പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏഴും വിദേശത്തു നിന്ന് തിരിച്ചെത്തി ഹോട്ടൽ ക്വാറന്റൈനിൽ കഴിയുന്നവരാണ്.

/labsembeds/covid-dashboard/index.html?state=VIC" data-module="iframe-resize_module"]

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at .

Please check the relevant guidelines for your state or territory:  .


Share
Published 25 October 2020 11:18am
Updated 25 October 2020 11:24am
By Deeju Sivadas


Share this with family and friends