- വിക്ടോറിയയിൽ 1,220 പുതിയ പ്രാദേശിക രോഗബാധ
- ACTയിൽ പുതിയ 38 പ്രാദേശിക രോഗബാധ
- NRL മത്സരങ്ങൾക്ക് മുന്നോടിയായി NSWൽ ജാഗ്രതാ മുന്നറിയിപ്പ്
- ടാസ്‌മേനിയിൽ ഒരു പുതിയ കൊവിഡ് കേസ് സ്ഥിരീകരിച്ചു.
വിക്ടോറിയ
വിക്ടോറിയയിൽ 1,220 പ്രാദേശിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആരോഗ്യ പരിപാലന സംവിധാനത്തെ സംരക്ഷിക്കുന്നതിന് നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു. ആരോഗ്യ രംഗത്തുള്ളവരുടെ പ്രവർത്തനങ്ങളെ ബഹുമാനിക്കുന്നതിനും കൂടിയാണ് നിയന്ത്രണങ്ങൾ എന്നദ്ദേഹം കൂട്ടിച്ചേർത്തു.
''ഇപ്പോൾ എല്ലാ സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്നത് ആരോഗ്യ സംവിധാനത്തിന് ദുഷ്കരമായ സാഹചര്യമൊരുക്കും,'' എന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി.
മെൽബണിൽ വാക്‌സിൻ വിരുദ്ധ റാലിയിൽ ശനിയാഴ്ച 109 അറസ്റ്റുകൾ നടത്തിയതായി വിക്ടോറിയ പോലീസ് വ്യക്തമാക്കി.
അതെസമയം റോയൽ മെൽബൺ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ജൂലൈ മുതൽ ആകെ അഡ്മിറ്റായ 90 പേരിൽ ഒരാൾ പോലും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്നില്ല എന്ന് ICU നഴ്‌സ് യൂണിറ്റ് മാനേജർ മിഷൽ സ്‌പെൻസ് ചൂണ്ടിക്കാട്ടി.
ന്യൂ സൗത്ത് വെയിൽസ്
ഗ്രെയ്റ്റർ സിഡ്‌നിയിൽ ലോക്ക് ഡൗൺ തുടങ്ങിയിട്ട് 100 ദിവസം പിന്നിട്ടു.
സംസ്ഥാനത്ത് പുതിയ 667 പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. 10 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വീടുകളിലാണ് രോഗവ്യാപനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയെന്ന് NRL ഗ്രാൻഡ് ഫൈനൽ മത്സരത്തിന് മുന്നോടിയായി ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് മുന്നറിയിപ്പ് നൽകി. ഒത്തുകൂടലുകൾ സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂ സൗത്ത് വെയിൽസിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയിരിക്കുന്നവർക്ക് ഒക്ടോബർ 11 മുതൽ ഐസൊലേഷൻ കാലാവധി കുറച്ചു. ഐസൊലേഷൻ കാലാവധി 14ന് പകരം ഏഴ് ദിവസമായാണ് കുറയ്ക്കുന്നത്.
വാക്‌സിനേഷൻ പൂർത്തിയാക്കിയിട്ടുള്ളവർ കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ ക്ലോസ് കോൺടാക്ട് ആകുന്ന സാഹചര്യത്തിൽ പരിശോധനക്ക് വിധേയരായ ശേഷം 7 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യണം.
ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 24 മണിക്കൂറിൽ
- ACTയിൽ 38 പുതിയ പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ കുറഞ്ഞത് 16 പേർ രോഗം പടരാൻ സാധ്യതയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നതായി അധികൃതർ പറഞ്ഞു.
- മെൽബണിൽ നിന്ന് ടാസ്മേനിയയിലെ ലോൺസെസ്റ്റണിലേക്ക് യാത്ര ചെയ്ത ഒരു കൗമാരപ്രായക്കാരന് രോഗബാധ സ്ഥിരീകരിച്ചു.
- ക്വീൻസ്ലാന്റിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് ലാങ് പാർക്കിൽ നടക്കാനിരിക്കുന്ന NRL ഗ്രാൻഡ് ഫൈനൽ മത്സരം മുന്നോട്ട് പോകുമെന്ന് അധികൃതർ അറിയിച്ചു. .
- സൗത്ത് ഓസ്‌ട്രേലിയയിൽ ശനിയാഴ്ച വൈകിട്ട് രണ്ട് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

Stay home Safe Life - SBS Radio Source: SBS Radio