ഓസ്‌ട്രേലിയയിൽ പുതിയ 52,000 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്ത് കുറഞ്ഞത് 29 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായാണ് കണക്കുകൾ
ന്യൂ സൗത്ത് വെയിൽസിൽ 12 പേരും, വിക്ടോറിയയിലും ക്വീൻസ്ലാന്റിലും എട്ട് മരണങ്ങൾ വീതമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ ഒരാൾ മരിച്ചു.
ഏപ്രിൽ 4 തിങ്കളാഴ്ച രാത്രി 11:59 മുതൽ ACTയിൽ നിയന്ത്രണങ്ങളിൽ ഇളവ് നടപ്പിലാക്കി.
നാലാമത്തെ ഡോസ് വാക്‌സിന് അർഹതയുള്ളവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് ആവശ്യപ്പെട്ടു. വാർഷിക ഫ്ലൂ കുത്തിവെയ്‌പ്പിനൊപ്പം രണ്ടാം ബൂസ്റ്റർ ഡോസും സ്വീകരിക്കാൻ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ്-19 സുരക്ഷയും കാര്യക്ഷമതയും എന്ന വിഷയത്തെക്കുറിച്ച് സംസ്ഥാനവ്യാപകമായി നടത്തുന്ന പഠനത്തിൽ പങ്കെടുക്കാൻ ക്വീൻസ്‌ലാന്റുകാരെ ക്ഷണിക്കുന്നതായി അധികൃതർ അറിയിച്ചു. ക്വീൻസ്‌ലാന്റിലെ കോവിഡ്-19-ന്റെയും വാക്‌സിനുകളുടെയും ഹ്രസ്വ, ഇടത്തരം, ദീർഘകാല പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനാണ് പഠനം ലക്ഷ്യമിടുന്നത്.
ഏപ്രിൽ 14 ചൊവ്വാഴ്ച രാവിലെ ഒരു മണി മുതൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നടപ്പിലാക്കും.
വെസ്റ്റേൺ ഓസ്‌ട്രേലിയയും ഏപ്രിൽ 17 മുതൽ ഇളവുകൾ നടപ്പിലാക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 350 പേരെന്ന പരിധിയോടെ ചെറിയ കപ്പലുകൾ സംസ്ഥാനത്തേക്ക് അനുവദിക്കും.
സ്‌കൂളിന് പുറത്ത് നിന്ന് പിക്ക്-അപ്പിനും ഡ്രോപ്പ്-ഓഫിനുമായി സ്കൂൾ സൈറ്റുകളിലേക്ക് മാതാപിതാക്കളെ വീണ്ടും അനുവദിക്കും. പേരന്റ് ടീച്ചർ മീറ്റിംഗ്, ടേം 2-ലെ ഇയർ ഗ്രൂപ്പ് അസംബ്ലികൾ എന്നിവയ്‌ക്കായി സ്‌കൂൾ സൈറ്റുകളിൽ രക്ഷിതാക്കളെ വീണ്ടും അനുവദിക്കും.
സൗത്ത് ഓസ്‌ട്രേലിയയിൽ കൊവിഡ് പോസിറ്റീവാകുന്നവരുടെ കുടുംബാംഗങ്ങൾ ഏഴ് ദിവസം ഐസൊലേറ്റ് ചെയ്യണം. കൊവിഡ് ലക്ഷണങ്ങൾ ഇല്ലെങ്കിൽ വീട്ടിലുള്ളവർ ആറാം ദിവസം PCR പരിശോധന നടത്തുകയോ 1, 3, 5 കൂടാതെ 7 ദിനങ്ങളിൽ RAT പരിശോധന നടത്തുകയോ വേണം.
മഹാമാരിയിൽ നിന്നുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ട് സമൂഹങ്ങളുടെ ആരോഗ്യപരിപാലനത്തിനായി അഞ്ചു മില്യൺ ഡോളറിന്റെ ഗ്രാന്റുകൾ ന്യൂ സൗത്ത് വെയിൽസ് നടപ്പിലാക്കും.
വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് ഏഴ് ദിവസത്തെ ഐസൊലേഷന് ശേഷം ജോലിയിൽ തിരികെ പ്രവേശിച്ചു. മാർച്ച് 28 നാണ് പ്രീമിയറിന് കൊവിഡ് സ്ഥിരീകരിച്ചത്.
2022 ഏപ്രിൽ അഞ്ചിന് ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകൾ
ന്യൂ സൗത്ത് വെയിൽസ് : 19,183 പുതിയ കേസുകൾ, 1,467 പേർ ആശുപത്രികളിൽ, 56 പേർ തീവ്രപരിചരണ വിഭാഗത്തിൽ. 12 കൊവിഡ് മരണങ്ങൾ.
വിക്ടോറിയ: 12,007 പുതിയ കേസുകൾ, 329 പേർ ആശുപത്രികളിൽ, 18 പേർ തീവ്ര പരിചരണ വിഭാഗത്തിൽ. എട്ട് മരണങ്ങൾ.
ടാസ്മേനിയ: 2,437 പുതിയ കേസുകൾ, 44 പേർ ആശുപത്രികളിൽ, രണ്ട് പേർ തീവ്രപരിചരണ വിഭാഗത്തിൽ.
ക്വീൻസ്ലാൻറ്: 9,946 പുതിയ കേസുകൾ, 479 പേർ ആശുപത്രിയിൽ, 15 പേർ തീവ്രപരിചരണ വിഭാഗത്തിൽ. എട്ട് മരണങ്ങൾ.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി: 918 പുതിയ കേസുകൾ, 418 ആശുപത്രികളിൽ, അഞ്ചു പേർ തീവ്രപരിചരണ വിഭാഗത്തിൽ. ഒരു മരണം.
വെസ്റ്റേൺ ഓസ്‌ട്രേലിയ: 8,145 പുതിയ കേസുകൾ, 242 പേർ ആശുപത്രികളിൽ, ആറുപേർ തീവ്രപരിചരണ വിഭാഗത്തിൽ. അഞ്ചു മരണങ്ങൾ (മാർച്ച് 31 നുള്ള മരണങ്ങൾ ഇന്നത്തെ കണക്കുകളിൽ)
Find a COVID-19 testing clinic
Register your RAT results here, if you're positive