ഓസ്‌ട്രേലിയയിൽ പുതിയ 157 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. വിക്ടോറിയയിൽ 107 ഉം, ന്യൂ സൗത്ത് വെയിൽസിൽ 22 ഉം, ക്വീൻസ്ലാന്റിൽ 17 ഉം കൊവിഡ് മരണങ്ങളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.
107 മരണങ്ങളിൽ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെടാത്ത 105 മരണങ്ങളും ഉൾപ്പെടുന്നുവെന്ന് വിക്ടോറിയ സർക്കാർ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പ്രതിദിനം ശരാശരി 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ .
ഓസ്‌ട്രേലിയയിൽ 2022 ജനുവരി മുതൽ ഏപ്രിൽ വരെ 3,593 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായാണ് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ. ഡോക്ടർ സാക്ഷ്യപ്പെടുത്തിയ കൊവിഡ് മരണങ്ങളുടെ കണക്കാണ് എബിഎസ് പുറത്തു വിട്ടിരിക്കുന്നത്.
അതേസമയം ഇതേ കാലയളവിൽ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഏകദേശം 60,000 മരണങ്ങളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇത് മുൻവർഷങ്ങളിലെ ശരാശരിയേക്കാൾ 16.8 ശതമാനം കൂടുതലാണ്.
ഈ വർഷം ജനുവരി മുതൽ 20,460 പേർക്ക് രണ്ടാം തവണ COVID-19 ബാധിച്ചതായി ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇവരിൽ പകുതി പേർക്കും (10,846 പേർ) ആദ്യ വൈറസ് ബാധയുടെ 90 ദിവസത്തിനുള്ളിൽ രണ്ടാം തവണയും വൈറസ് പിടിപെട്ടുവെന്നാണ് റിപ്പോർട്ട്.
കൊവിഡ് മൂലം ഓസ്‌ട്രേലിയയിൽ നാലിൽ ഒരാൾക്ക് ജീവിതത്തിൽ ആദ്യമായി ഒറ്റപ്പെടൽ അനുഭവപ്പെട്ടതായി ടെൽസ്ട്ര നടത്തിയ പഠനത്തിൽ കണ്ടെത്തി.
വെള്ളിയാഴ്ച പുറത്തുവിട്ട 'ടോക്കിംഗ് ലോൺലിനസ്' റിപ്പോർട്ട്പ്രകാരം 46 ശതമാനം പേർക്ക് ലോക്ക്ഡൗൺ കാരണം ഏകാന്തത അനുഭവപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടുന്നു.
2021 സെപ്റ്റംബർ 6 മുതൽ 12 വരെയുള്ള കാലയളവിൽ ഏകദേശം 3,000 ഓസ്‌ട്രേലിയക്കാരാണ് ഓൺലൈനായി നടത്തിയ സർവേയിൽ പങ്കെടുത്തത്.
ഓസ്‌ട്രേലിയയിൽ അഞ്ചിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ mRNA COVID-19 വാക്സിനേഷനിൽ നിന്നുള്ള പാർശ്വഫലങ്ങൾ, ക്ലിനിക്കൽ ട്രയലുകളിലും മുൻപ് പ്രസിദ്ധീകരിച്ച ഡാറ്റയിലും റിപ്പോർട്ട് ചെയ്തതിനേക്കാൾ കുറവാണെന്ന് AusVaxSafety-യുടെ നേതൃത്വത്തിലുള്ള ഗവേഷണം കണ്ടെത്തി.
ഇതേ വിഭാഗത്തിൽ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് വാക്‌സിന്റെ പാർശ്വഫലങ്ങളുടെ നിരക്കിനേക്കാൾ കുറവാണ് ഓസ്‌ട്രേലിയൻ കുട്ടികളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് മേഖലയിലെ വിദഗ്ദ്ധൻ അസോസിയേറ്റ് പ്രൊഫസർ നിക്ക് വുഡും ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 1 മുതൽ ഫാർമസികൾക്ക് പകരം, സർവീസ് ടാസ്മേനിയ നേരിട്ട് കൺസഷൻ കാർഡ് ഉടമകൾക്ക് സൗജന്യ റാപിഡ് ആന്റിജൻ കിറ്റുകൾ വിതരണം ചെയ്യും.
ഏറ്റവുമടുത്തുള്ള സർവീസ് ടാസ്മേനിയ സേവനകേന്ദ്രത്തെക്കുറിച്ചറിയാൻ കൺസഷൻ കാർഡ് ഉടമകൾക്ക് 1300 13 55 13 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
സൗത്ത് ഓസ്‌ട്രേലിയയിൽ ഏഴ് സ്‌കൂളുകളിൽ കോവിഡ്-19 വാക്‌സിനേഷൻ പദ്ധതി നടത്തും. ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെയാണ് തുറക്കുക.
30 വയസും മുകളിലും പ്രായമുള്ളവർക്ക് നാലാമത്തെ (ശീതകാല) ഡോസ് കൊവിഡ് വാക്‌സിൻ ഈ ക്ലിനിക്കുകളിൽ ലഭ്യമായിരിക്കും.
ബർട്ടൺ പ്രൈമറി സ്കൂൾ, ഗുഡ് ഷെപ്പേർഡ് പാരാ വിസ്ത പ്രൈമറി സ്കൂൾ, ഗ്രെഞ്ച് പ്രൈമറി സ്കൂൾ, മരിയാറ്റ്‌വില്ലെ പ്രൈമറി സ്കൂൾ, മക്ഡൊണാൾഡ് പാർക്ക് പ്രൈമറി സ്കൂൾ, പ്ലേഫോർഡ് പ്രൈമറി സ്കൂൾ, വുഡൻഡ് പ്രൈമറി സ്കൂൾ എന്നിവയാണ് ശനിയാഴ്ച കോവിഡ് വാക്‌സിൻ ലഭ്യമാക്കുന്ന സൗത്ത് ഓസ്‌ട്രേലിയയിലെ ഏഴ് സ്കൂളുകൾ.