ഓസ്ട്രേലിയയിൽ ഇന്ന് 24 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ ഏഴു വീതം മരണങ്ങൾ ന്യൂ സൗത്ത് വെയിൽസിലും, വിക്ടോറിയയിലുമാണ്. രണ്ട് കൊവിഡ് മരണങ്ങൾ വെസ്റ്റേൺ ഓസ്ട്രേലിയയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ പുതിയ കൊവിഡ് കേസുകൾ, കൊവിഡ് മരണങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള പൂർണ്ണ വിവരങ്ങൾക്കായി
ദക്ഷിണാഫ്രിക്കയിൽ പടർന്ന് പിടിക്കുന്ന കൊവിഡിൻറെ പുതിയ വകഭേദം വ്യാഴാഴ്ചയാണ് ന്യൂ സൗത്ത് വെയിൽസിൽ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഒരു യാത്രക്കാരനിലാണ് ഒമിക്രോൺ BA.4 എന്ന വകഭേദം കണ്ടെത്തിയത്.
ഏപ്രിൽ 2ന് അവസാനിച്ച ആഴ്ചയിൽ ശേഖരിച്ച സാമ്പിളിൻറ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്.
സമാന വകഭേദം ഏപ്രിൽ 15 ന് വിക്ടോറിയയിലും സ്ഥിരീകരിച്ചിരുന്നു. ടുളാമറൈൻ വൃഷ്ടിപ്രദേശത്ത് നിന്ന് ശേഖരിച്ച മലിനജല സാമ്പിളുകളിലായിരുന്നു വൈറസ് വകഭേദം കണ്ടെത്തിയത്.
ദക്ഷിണാഫ്രിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ആദ്യമായി കണ്ടെത്തിയ BA.4, BA.5 വകഭേദങ്ങളെ ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു വരികയാണ്.
രാജ്യത്ത് കൊവിഡ് ബാധകൾ വീണ്ടും കൂടാനിടയാക്കിയത് BA.4, BA.5 വകഭേദങ്ങളാണെന്ന നിഗമനത്തിലാണ് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ. ദക്ഷിണാഫ്രിക്കയുടെ ചില മേഖലകളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതായും റിപ്പോർട്ടുകളുണ്ട്.
കൊവിഡ് സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിനായി രൂപീകരിച്ച സ്പെഷ്യലിസ്റ്റ് കൊവിഡ്-19 കോൺടാക്റ്റ് ട്രെയ്‌സിംഗ് ടീമിൻറെ പ്രവർത്തനം ഇന്ന് അവസാനിപ്പിക്കുമെന്ന് ക്വീൻസ്ലാൻറ് സർക്കാർ അറിയിച്ചു.
പൊതുജനാരോഗ്യ വിഭാഗത്തെ സഹായിക്കുന്നതിനായി കഴിഞ്ഞ വർഷം ജനുവരിയിലാണ് പ്രത്യേക ടീമിനെ നിയമിച്ചത്. ഇവർ 15,000-ലധികം സമ്പർക്ക ബാധിതരെ കണ്ടെത്തിയിരുന്നു.
2021-ലെ കൊവിഡ് കാലത്ത് ഉൾനാടൻ മേഖലകളിൽ ഭക്ഷണവും സഹായങ്ങളും നൽകിയ 34 പ്രാദേശിക ഗ്രൂപ്പുകൾക്കും, സന്നദ്ധ സംഘടനകൾക്കുമായി NSW സർക്കാർ 300,000 ഡോളറിൻറെ ഗ്രാന്റുകൾ വിതരണം ചെയ്തു.
അതേസമയം കൊവിഡ് വൈറസ് നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലിനെ തുടർന്ന് ഡെൻമാർക്ക് കൊവിഡ് വാക്സിനേഷൻ വിതരണം താൽക്കാലികമായി നിർത്തിവച്ചു.