ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലെ വിദേശ ഇടപെടൽ നാലു വർഷം മുമ്പ് സജീവ ചർച്ചയായിരുന്നു.
ഇടപെടൽ തടയാനായി അന്നത്തെ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ രഹസ്യാന്വേഷണ നിയമങ്ങളിലും സുരക്ഷാ നിയമങ്ങളിലും ഭേദഗതി വരുത്തിയപ്പോഴായിരുന്നു അത്.
ഫെഡറൽ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ, ഇതേ വിഷയം വീണ്ടും ചർച്ചയാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ പാർലമെന്റ് സമ്മേളനത്തിൽ ഈ ആരോപണം കടുത്ത വാക്പോരിന് വഴിതുറന്നിരുന്നു.
അടുത്ത ഫെഡറൽ തെരഞ്ഞെടുപ്പിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണയ്ക്കുന്നത് ലേബർ നേതാവ് ആൻറണി അൽബനീസിയെയാണെന്ന പ്രതിരോധ മന്ത്രി പീറ്റർ ഡറ്റന്റെ ആരോപണവും, പ്രതിപക്ഷ ഉപനേതാവ് റിച്ചാർഡ് മാൾസ് ഒരു ‘മഞ്ചൂരിയൻ സ്ഥാനാർത്ഥി’യാണ് എന്ന പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ പ്രസ്താവനയുമാണ് വിവാദമായത്.
സ്കോട്ട് മോറിസൻ ഈ പ്രസ്താവന പിൻവലിച്ചെങ്കിലും, ഇത്തരം വിഷയം രാഷ്ട്രീയ ആയുധമാക്കരുത് എന്ന നിലപാടുമായി രഹസ്യാന്വേഷണ ഏജൻസിയായ ASIOയുടെ മേധാവി മൈക്ക് ബർഗസ് പരസ്യമായി രംഗത്തെത്തി.
ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രമല്ല, പ്രമുഖ പാർട്ടികളെയെല്ലാം ഇത്തരത്തിൽ വിദേശ ശക്തികൾ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് രാഷ്ട്രീയത്തിലെ വിദേശ ഇടപെടൽ? എങ്ങനെയാണ് ഇത് നടത്തുന്നത്? ഓസ്ട്രേലിയയിലെ ഫെഡറൽ തെരഞ്ഞെടുപ്പിനെ ഇത് എങ്ങനെ സ്വാധീനിക്കും? അക്കാര്യങ്ങളാണ് ഇവിടെ നോക്കുന്നത്.
എന്താണ് വിദേശ ഇടപെടൽ?
ഒരു രാജ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പിനെയോ, അതിന്റെ ഫലത്തെയോ സ്വാധീനിക്കാനും മാറ്റിമറിക്കാനും മറ്റൊരു വിദേശ രാജ്യം ശ്രമിക്കുന്നതിനെയാണ് രാഷ്ട്രീയത്തിലെ വിദേശ ഇടപെടൽ എന്നു പറയുന്നത്.
അമേരിക്കയും, ഓസ്ട്രേലിയയും, ബ്രിട്ടനും പോലുള്ള രാജ്യങ്ങളാണ് ഇതിന്റെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളാകുന്നതെന്ന് ASIO മുൻ മേധാവി ഡെനിസ് റിച്ചാർഡ്സൻ എസ് ബി എസിനോട് പറഞ്ഞു.
ചൈനയും റഷ്യയുമാണ് വിദേശരാജ്യങ്ങളുടെ തെരഞ്ഞെടുപ്പിൽ ഇടപെടുന്നതിൽ മുന്നിൽ നിൽക്കുന്നത് ഡെന്നിസ് റിച്ചാർഡ്സൻ, ASIO മുൻ മേധാവി
എന്നാൽ ജനാധിപത്യമില്ലാത്ത രാജ്യങ്ങളിലേക്കും ഈ ഇടപെടലുണ്ടാകാമെന്ന് അദ്ദേഹം പറയുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലും, പശ്ചിമേഷ്യൻ രാജ്യങ്ങളിലും ഇടപെടാൻ ചൈനയും റഷ്യയും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഈ ഇടപെടലിന്റെ പ്രാഥമിക ലക്ഷ്യം ആശയക്കുഴപ്പങ്ങളും, അനിശ്ചിതാവസ്ഥയും, ചേരിതിരിവും സൃഷ്ടിക്കുക എന്നതാണെന്നും ASIO മുൻ മേധാവി പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളിലും, പാർലമെന്റിലും സ്വാധീനം ചെലുത്താനും, ജനാധിപത്യചർച്ചകളെ തന്നെ വഴിതിരിച്ചുവിടാനും വിദേശശക്തികൾ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Dennis Richardson, former chief of ASIO. Source: AAP
2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും, ബ്രെക്സിറ്റ് വോട്ടുകളുമാണ് ഇതിന്റെ ഉദാഹരണം.
എങ്ങനെയാണ് ഇടപെടൽ നടത്തുന്നത്?
രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന അതിഭീമമായ സംഭാവനകളും, വ്യാജ പ്രചാരണങ്ങളുമാണ് പൊതുവിലുള്ള രണ്ടു മാർഗ്ഗങ്ങൾ.
പണം ഇതിലൊരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ സൈബർ പോളിസി സെന്ററിലുള്ള (ASPI) ഫെർഗുസ് ഹാൻസൻ എസ് ബി എസിനോട് പറഞ്ഞു.
ചില അതിസമ്പന്നർ ഭീമമായ സംഭാവനകൾ നൽകിയതിനു പിന്നാലെ, രാഷ്ട്രീയ നേതാക്കൾ രാജ്യാന്തര വിഷയങ്ങളിൽ നിലപാടു മാറ്റിയ സംഭവങ്ങൾ ഓസ്ട്രേലിയയിൽ നിരവധിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്ന പ്രചാരണങ്ങളാണ് മറ്റൊരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

വ്യാജ സാമൂഹ്യമാധ്യമ അക്കൗണ്ടുകളോ ഡിജിറ്റൽ അക്കൗണ്ടുകളോ ഉപയോഗിച്ച് റഷ്യയും ചൈനയും മറ്റു രാജ്യങ്ങളിൽ പ്രചാരണങ്ങൾ നടത്തുന്ന ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ പ്രചാരണങ്ങൾ എങ്ങനെയാണ് ജനങ്ങളെ സ്വാധീനിക്കുക എന്നതിനെക്കുറിച്ച് അഞ്ച് ഓസ്ട്രേലിയൻ സർവകലാശാലകൾ ചേർന്ന് അടുത്തകാലത്ത് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യയുടെ ഇന്റർനെറ്റ് റിസർച്ച് ഏജൻസി ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിലൂടെ ഇത്തരം പ്രചാരണം നടത്താൻ ആയിരത്തിലേറെ ജീവനക്കാരുള്ള ഒരു 24X7 സംവിധാനം തന്നെ സജ്ജമാക്കിയിട്ടുണ്ട് എന്നാണ് ഈ റിപ്പോർട്ട് പറയുന്നത്.
ഓസ്ട്രേലിയയിലെ ഇടപെടൽ
ഓസ്ട്രേലിയയിൽ അടുത്ത കാലത്ത് നടന്ന ഒരു സംസ്ഥാന തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടലിനുള്ള ശ്രമം കണ്ടെത്തുകയും തടയുകയും ചെയ്തതായി ASIO വെളിപ്പെടുത്തി.
ഓസ്ട്രേലിയൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ, അക്കാദമിക് വിദഗ്ധർ, പ്രമുഖ നയരൂപീകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, ബിസിനസ് എക്സിക്യുട്ടീവുകൾ, വിവിധ സമൂഹങ്ങളുടെ നേതാക്കൾ എന്നിവരെയെല്ലാം ഇതിൽ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് ASIO മേധാവി മൈക്ക് ബർഗസ് പറഞ്ഞു.
ഏതു സംസ്ഥാനത്താണ് ഇതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
എന്നാൽ, വിദേശരാജ്യങ്ങളുമായി നേരിട്ട് ബന്ധമുള്ള അതി സമ്പന്നനായ ഒരാളാണ് ഇതിന് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പാവകളിക്കാരൻ, അഥവാ puppeteer, എന്നാണ് ASIO മേധാവി ഇയാളെ വിശേഷിപ്പിച്ചത്.
വിദേശ ഇടപെടൽ നടപ്പാക്കുന്നതിനു മാത്രമായി ഇയാൾ ഒരാളെ നിയോഗിച്ചു. വിദേശ ബാങ്ക് അക്കൗണ്ട് വഴി ലക്ഷണക്കണക്കിന് ഡോളർ നൽകുകയും ചെയ്തു എന്നാണ് ASIO പറഞ്ഞത്.
ഈ വിദേശരാജ്യത്തിന്റെ താൽപര്യങ്ങളെ സംരക്ഷിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുക എന്നതായിരുന്നു ഇങ്ങനെ നിയമിച്ചയാളുടെ ചുമതല.
അല്ലെങ്കിൽ പണമോ സ്വാധീനമോ ഉപയോഗിച്ച് വാങ്ങാൻ കഴിയുന്നവരെ കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം.
“തുടർന്ന് ഈ സ്ഥാനാർത്ഥികളെ വിജയസാധ്യത ഉറപ്പാക്കാനാണ് അവർ ശ്രമിച്ചത്. സംഭാവനകൾ നൽകിയും, വിവിധ ഭാഷകളിലുള്ള മാധ്യമങ്ങളെ വിലക്കെടുത്ത് കുടിയേയേറ്റ സമൂഹങ്ങളിൽ പ്രചാരണം നടത്തിയുമെല്ലാമായിരുന്നു പ്രവർത്തനം”, ASIO മേധാവി വെളിപ്പെടുത്തി.
സ്ഥാനാർത്ഥികളുടെ അറിവില്ലാതെയായിരുന്നു ഇതിൽ ഭൂരിഭാഗവും എന്നും അദ്ദേഹം പറഞ്ഞു.
ASIO ഇടപെടലോടെ ഈ ശ്രമം പരാജയപ്പെടുത്താൻ കഴിഞ്ഞു എന്നും ബർഗസ് അവകാശപ്പെട്ടു.
ഓസ്ട്രേലിയൻ ജനാധിപത്യത്തിന് ഭീഷണിയോ?
ഓസ്ട്രേലിയയിൽ ഇത്തരം ഇടപെടലുകൾ വിജയിക്കാനുള്ള സാധ്യത തുലോം കുറവാണ് എന്നാണ് ASPIലെ ഫെർഗുസ് ഹാൻസൻ പറഞ്ഞത്.
എന്നാൽ പൂർണമായും സുരക്ഷിതവുമല്ല.
വിദേശരാജ്യങ്ങൾക്ക് താൽപര്യമുള്ള ചില സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനും ജയിപ്പിച്ചെടുക്കുന്നതിനും സാധ്യതയുണ്ടെന്നാണ് എന്ന് അദ്ദേഹം പറയുന്നത്.
എന്നാൽ ഫെഡറൽ തെരഞ്ഞെടുപ്പിന്റെ ഫലം തന്നെ മാറ്റിമറിക്കുന്ന രീതിയിൽ വിദേശ ഇടപടെൽ സാധ്യമല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ASIO മുൻ മേധാവി ഡെന്നിസ് റിച്ചാർഡ്സനും അതിനോട് യോജിക്കുന്നുണ്ട്.
പേപ്പർ ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടിംഗ് സമ്പ്രദായം ഓസ്ട്രേലിയയെ വളരെയധികം സഹായിക്കുണ്ടെന്നും ഇവർ പറഞ്ഞു.
ഓൺലൈൻ വോട്ടിംഗിൽ വിദേശ ഇടപെടലിനും ഫലത്തെ സ്വാധീനത്തിനുമുള്ള സാധ്യത കൂടുതലാണെന്ന് റിച്ചാർഡ്സൻ പറഞ്ഞു.
ഓസ്ട്രേലിയയിലെ നിർബന്ധിത വോട്ടിംഗും വിദേശ ഇടപെടൽ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
വോട്ടിംഗ് നിർബന്ധിതമല്ലാത്ത രാജ്യങ്ങളിൽ ജനങ്ങളെ പോളിംഗ് ബൂത്തിലേക്കെത്തിക്കാൻ ഇരുപക്ഷത്തുമുള്ള പാർട്ടികൾക്ക് കൂടുതൽ പ്രയാസമാണ്. അപ്പോൾ വികാരപരമായ തീരുമാനങ്ങളിലേക്ക് വോട്ടർമാരെ നയിക്കുന്ന തരത്തിലുള്ള പ്രചാരണമായിരിക്കും പാർട്ടികൾ നടത്തുക.
വിദേശ ശക്തികളുടെ ഇടപെടലിന് ഇത് കൂടുതൽ വഴിയൊരുക്കുമെന്നാണ് ഫെർഗുസ് ഹാൻസൻ പറയുന്നത്.
നിർബന്ധിത വോട്ടിംഗായതുകൊണ്ട് ഓസ്ട്രേലിയൻ പാർട്ടികൾക്ക് ഇത്തരം തീവ്ര നിലപാടുകളിലേക്ക് പോയി ജനങ്ങളെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കേണ്ട ആവശ്യമില്ല.
തീവ്ര നിലപാടുകൾ ഉയരുമ്പോഴാണ് വിദേശശക്തികൾ അതിനെ മുതലെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.