- മുൻ വർഷത്തെ അപേക്ഷിച്ച് 334,600ന്റെ കുറവാണ് വിദേശത്ത് നിന്നുള്ള കുടിയേറ്റത്തിൽ ഉണ്ടായത്.
- തൊഴിലാളികളെ കൊണ്ടുവരാനുള്ള അവസരം പാഴാക്കരുത് എന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഡൊമിനിക് പെറോട്ടെ
- കുടിയേറ്റം കൂടുന്നത് വിവിധ മേഖലകളിൽ സമ്മർദ്ദത്തിന് കാരണമാകാമെന്നും മുന്നറിയിപ്പ്
മൂന്ന് മാസത്തെ ലോക്ക്ഡൗണിന് ശേഷം സിഡ്‌നി വീണ്ടും തുറന്നിരിക്കുകയാണ്. സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവാണ് ഇനി പ്രധാനം.
ഇതിൽ വെല്ലുവിളിയായി മുന്നിൽ നിൽക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് നിരവധി രംഗങ്ങളിൽ നേരിടുന്ന കടുത്ത തൊഴിലാളികളുടെ ക്ഷാമം. ഇത് എങ്ങനെ പരിഹരിക്കാം എന്നതാണ് പുതിയ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഡൊമിനിക് പെറോട്ടെ തരണം ചെയ്യാൻ ശ്രമിക്കുന്ന പ്രശ്നങ്ങളിൽ ഒന്ന്.
തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം വർദ്ധിപ്പിക്കണമെന്നതാണ് ചില നേതാക്കളും രംഗത്തെ വിദഗ്ദ്ധരും മുന്നോട്ട് വയ്ക്കുന്ന പോംവഴി.
ഇത് ഓസ്‌ട്രേലിയയെ എങ്ങനെ ബാധിക്കാം?
ജനസംഖ്യ കുറഞ്ഞു
മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള 12 മാസത്തിൽ ഓസ്‌ട്രേലിയയുടെ ജനസംഖ്യാ വർദ്ധനവിന്റെ നിരക്ക് 0.1 ശതമാനത്തിലേക്ക് ഇടിഞ്ഞു.
ഈ കാലയളവിൽ 35,700 ആണ് ജനസംഖ്യയിൽ ഉണ്ടായ വർദ്ധനവ്.
അതെസമയം ജനന മരണ കണക്കുകൾ പ്രകാരമുള്ള വർദ്ധനവ് 131,000 എന്ന നിരക്കിൽ മാറ്റമില്ലാതെ തുടർന്നു.
എന്നാൽ വിദേശത്ത് നിന്നുള്ള കുടിയേറ്റം 95,300 മാത്രമായിരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് 334,600ന്റെ കുറവാണ് വിദേശത്ത് നിന്നുള്ള കുടിയേറ്റത്തിൽ ഉണ്ടായത്.
യുദ്ധ കാലത്തിന് ശേഷം ഇത്രയും കുറഞ്ഞ കുടിയേറ്റം ഓസ്‌ട്രേലിയയിൽ ഉണ്ടായിട്ടില്ല എന്നാണ് ANUയിലെ ജനസംഖ്യാ ശാസ്ത്രജ്ഞ ഡോ ലിസ് അലൻ എസ് ബി എസ് ന്യൂസിനോട് ചൂണ്ടിക്കാട്ടിയത്. 

The closure of international borders has had a significant impact on the total growth of the Australian population. Source: ABS
തൊഴിലാളികളുടെ ക്ഷാമം
മഹാമാരിക്ക് മുൻപ് തന്നെ ഓസ്‌ട്രേലിയയിലെ ബിസിനസ് രംഗം തൊഴിലാളികളുടെ ക്ഷാമം നേരിടുന്നുണ്ടായിരുന്നു എന്നാണ് രംഗത്തുള്ള വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. അതിർത്തി അടച്ചത് ഈ പ്രതിസന്ധി രൂക്ഷമാക്കി.
വിദഗ്ധരല്ലാത്ത തൊഴിലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള ആരോഗ്യ രംഗത്തെ തൊഴിലാളികളുടെ കാര്യത്തിൽ വരെ കുടിയേറ്റ സമൂഹത്തെ ഓസ്‌ട്രേലിയ വലിയ രീതിയിൽ ആശ്രയിക്കുന്നതായി UTS ബിസിനസ് സ്കൂളിലെ പ്രൊഫസർ ജോക് കോളിൻസ് ചൂണ്ടിക്കാട്ടി.
എന്നാൽ കൊവിഡിന് മുൻപുള്ള നിരക്കിലേക്ക് ഓസ്‌ട്രേലിയൻ കുടിയേറ്റം ഉടൻ തിരിച്ചുപോകുമെന്ന് കരുതുന്നില്ല എന്നാണ് ഡോ അലൻ വിലയിരുത്തുന്നത്.
ഇത് ഓസ്‌ട്രേലിയക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ഇവർ നൽകുന്ന മുന്നറിയിപ്പ്.
രാജ്യത്തെ അടിസ്ഥാന കാര്യങ്ങൾ നിറവേറ്റാൻ പ്രാദേശിക തൊഴിലാളികൾ പോരാതെ വരുമെന്നാണ് ഡോ അലൻ ചൂണ്ടിക്കാട്ടുന്നത്.
തൊഴിലാളികളെ കൊണ്ടുവരാനുള്ള അവസരം പാഴാക്കരുത്
രാജ്യാന്തര അതിർത്തി തുറന്ന ശേഷം വിദേശത്ത് നിന്ന് തൊഴിലാളികളെ ഓസ്‌ട്രേലിയയിലേക്ക് എത്തിക്കാനുള്ള അവസരം പാഴാക്കരുത് എന്നാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഡൊമിനിക് പെറോട്ടെ വ്യക്തമാക്കിയത്. മറ്റുള്ള രാജ്യങ്ങളിലേക്ക് തൊഴിലാളികൾ പോകാനുള്ള സാധ്യതയുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻറെ നിലപാടിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് പെറോട്ടെ മുന്നോട്ട് വയ്ക്കുന്നത്. ന്യൂ സൗത്ത് വെയില്സിലേക്കുള്ള കുടിയേറ്റം 50 ശതമാനമായി കുറയ്ക്കുമെന്ന നിലപാടുമായാണ് 2019 തെരെഞ്ഞെടുപ്പിൽ ഗ്ലാഡിസ് ബെറജക്ലിയൻ മത്സരിച്ചത്. കൂടുതൽ കുടിയേറ്റക്കാർക്കാവശ്യമായ സൗക്യരങ്ങൾ ഇല്ലെന്നും ഗതാഗതക്കുരുക്കും ബെറജക്ലിയൻ ചൂണ്ടിക്കാട്ടി.

NSW Premier Dominic Perrottet. Source: AAP
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കുടിയേറ്റ നിരക്ക് ഉയർത്തി
കുടിയേറ്റത്തിന്റെ നിരക്ക് വലിയ രീതിയിൽ ഉയർത്തണമെന്ന ഉപദേശമാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഡൊമിനിക് പെറോട്ടെക്ക് രംഗത്തെ ചില മുതിർന്ന ഉദ്യോഗസ്ഥർ നൽകുന്നത് എന്ന് ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ റിപ്പോർട്ട് ചെയ്തു. അടുത്ത അഞ്ച് വർഷത്തിൽ 20 ലക്ഷം കുടിയേറ്റക്കാർ എന്നതാണ് ഇവർ മുന്നോട്ട് വച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയുടെ സാമ്പത്തിക രംഗം ഉത്തേജിപ്പിക്കാൻ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടപ്പിലാക്കിയത് പോലെ കുടിയേറ്റം കൂട്ടണമെന്നാണ് ഇവരുടെ നിലപാട്. ഇതിനായി നയങ്ങൾ മാറ്റാനും ശ്രമിക്കണമെന്ന് പെറോട്ടെയോട് ആവശ്യപ്പെട്ടു.
രാജ്യത്തിൻറെ സാമ്പത്തിക തിരിച്ചുവരവിനും സായുധ സേനയിൽ ആൾബലം ഉറപ്പാക്കുന്നതിനുമായി 1945 ൽ ഓസ്‌ട്രേലിയൻ കുടിയേറ്റം വലിയ രീതിയിൽ കൂട്ടാൻ തീരുമാനിച്ചിരുന്നു. ഓരോ വർഷവും ഒരു ശതമാനം വർദ്ധനവായിരുന്നു ലക്ഷ്യം.
പിന്നീടുള്ള 15 വർഷത്തിൽ 12 ലക്ഷം കുടിയേറ്റക്കാർ ഓസ്‌ട്രേലിയയിലെത്തി എന്നാണ് കണക്കുകൾ. ഭൂരിഭാഗവും യുദ്ധത്തിൽ തകർന്ന യൂറോപ്പിൽ നിന്നായിരുന്നു.
യുദ്ധത്തിന് ശേഷമുള്ള കുടിയേറ്റം പ്രധാനമായും യൂറോപ്പിൽ നിന്നായിരുന്നെങ്കിൽ മഹാമാരിക്ക് ശേഷം ഇപ്പോൾ കാണുന്നത് പോലെ ഏറ്റവും അധികം കുടിയേറ്റക്കാർ ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമായിരിക്കും എന്നാണ് ഡോ അലൻ കരുതുന്നത്.
തൊഴിലാളികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവിൽ പകുതിയും പുതിയ കുടിയേറ്റക്കാരായിരുന്നുവെന്ന് പ്രൊഫസർ കോളിൻസ് ചൂണ്ടിക്കാട്ടുന്നു.

അവർ ബോട്ടിൽ എത്തിയ ശേഷം അടുത്ത ദിവസം തന്നെ ഫാക്ടറിയിൽ ജോലിക്കായി പ്രവേശിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയ സമാനമായ തൊഴിലാളികളുടെ ക്ഷാമമാണ് നേരിടുന്നതെന്ന് അദ്ദേഹം വിലയിരുത്തി.
എന്നാൽ കുടിയേറ്റം കൂടുന്നത് നിർമ്മാണ രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ അമിത സമ്മർദ്ദത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.
മുൻകാലങ്ങളിലെ പോലെ മഹാമാരിക്ക് ശേഷമുള്ള കുടിയേറ്റം ഓസ്‌ട്രേലിയയുടെ സാംസ്കാരിക ഘടനയിൽ മാറ്റം വരുത്താനും കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.