പശ്ചിമ സിഡ്നിയിലെയും തെക്കുപടിഞ്ഞാറൻ സിഡ്നിയിലെയും എട്ട് കൗൺസിലുകളിലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാൻ സൈന്യത്തെ വിന്യസിക്കുന്നത്.
300ഓളം സൈനികരെ തിങ്കളാഴ്ച മുതൽ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്.
കാന്റർബറി-ബാങ്ക്സ്ടൗൺ, ഫെയർഫീൽഡ്, ലിവർപൂൾ, ബ്ലാക്ക്ടൗൺ, കംബർലാന്റ്, പാരമറ്റ, ക്യാംപൽടൗൺ, ജോർജസ് റിവർ കൗൺസിലുകളിലാണ് ഇത്.
ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും, സ്റ്റേ അറ്റ് ഹോം ഉത്തരവ് പാലിക്കുന്നു എന്നുറപ്പാക്കാനുമാണ് സൈന്യത്തിന്റെ സേവനം തേടിയിട്ടുള്ളതെന്ന് സംസ്ഥാന പൊലീസ് കമ്മീഷണർ മിക്ക് ഫുള്ളർ വ്യക്തമാക്കി.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുന്നു എന്നുറപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയാകും സൈനികർ ചെയ്യുക.

NSW Police Commissioner Mick Fuller speaks to the media during a press conference in Sydney Source: Getty Images
“ഭക്ഷണ പാക്കറ്റുകളുടെ വിതരണത്തിലും, സ്റ്റേ അറ്റ് ഹോം ഉത്തരവും ഐസൊലേഷൻ നിർദ്ദേശങ്ങളും പാലിക്കുന്നു എന്നുറപ്പുവരുത്തുന്നതിലും സൈനികർ പൊലീസിനെ സഹായിക്കുമെന്നും കമ്മീഷണർ അറിയിച്ചു.
സിഡ്നിയിലെ ഏറ്റവും ബഹുസ്വരമേഖലകളാണ് ഇവ. ഇംഗ്ലീഷ് ഇതര ഭാഷകൾ പ്രഥമ ഭാഷയായിട്ടുള്ള സമൂഹങ്ങളാണ് ഈ മേഖലകളിൽ കൂടുതലും.
സൈനികരെ വിന്യസിക്കുന്നത് പലരും ആശങ്കയോടെയാണ് കാണുന്നതെന്ന് പ്രദേശത്തെ ജനപ്രതിനിധികൾ സൂചിപ്പിച്ചു.
“ബൂട്ട്സ് ഓൺ ദ ഗ്രൗണ്ട്” എന്ന രീതിയിലുള്ള സൈനിക പദപ്രയോഗങ്ങളും മറ്റും ജനങ്ങളുടെ മനസിലെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ലിവർപൂൾ കൗൺസിലർ ചരിഷ്മ കലിയന്ദ പറഞ്ഞു.
ജനങ്ങൾക്ക് പിഴ നൽകാനാണ് സൈന്യമെത്തുന്നത് എന്ന ആശങ്കയാണ് പലർക്കും – അവർ ചൂണ്ടിക്കാട്ടി.

Councillor Charishma Kaliyanda met with members of the Fijian Diaspora Women’s Alliance in early June 2021 on the need for more in-language health resources. Source: AAP
ബോണ്ടായി, നോർതേൺ ബീച്ചസ് തുടങ്ങിയ മേഖലകളിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ കർശനമായ നടപടി പശ്ചിമ സിഡ്നിയിൽ സ്വീകരിക്കുന്നു എന്ന പരാതിയും ജനങ്ങൾക്കുണ്ടെന്ന് ചരിഷ്മ പറഞ്ഞു.
ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് സൈന്യത്തിന്റെ സാന്നിദ്ധ്യം നൽകുന്നതെന്ന് ലിവർപൂൾ മേയർ വെൻഡി വാലറും പറഞ്ഞു.
പട്ടാളത്തെ ഇറക്കുന്നതിന് പകരം കൂടുതൽ ആരോഗ്യമേഖലാ പ്രവർത്തകരെ ഈ പ്രദേശത്തേക്ക് ലഭ്യമാക്കുകയാണ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ ചെയ്യേണ്ടതെന്നും മേയർ ആവശ്യപ്പെട്ടു.
സൈന്യത്തെ ഇറക്കുന്നത് കൊവിഡ് പ്രതിരോധത്തിൽ സഹായമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കംബർലാന്റ് മേയർ സ്റ്റീവ് ക്രിസ്റ്റോ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
നഗരത്തിലെ ഏറ്റവും പാവപ്പെട്ടവരെ ഉൾക്കൊള്ളുന്ന മേഖലകളാണ് ഇതെന്നും, തങ്ങളെ ലക്ഷ്യം വയ്ക്കുകയാണ് എന്ന ആശങ്ക ഇപ്പോൾ തന്നെ അവർക്കുണ്ടെന്നും സ്റ്റീവ് ക്രിസ്റ്റോ പറഞ്ഞു.