ഒമിക്രോണിന്റെ പുതിയ ഉപ വകഭേദങ്ങൾ മുൻപുള്ള കോവിഡ് ബാധയിൽ നിന്നും വാക്സിനേഷനിൽ നിന്നും ലഭിച്ച പ്രതിരോധശേഷി മറികടക്കുമെന്നു ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇംഗ്ലണ്ടിലെ പുതിയ പ്രതിദിന കേസുകളിൽ 25 ശതമാനവും ന്യൂയോർക്കിലെ 18 ശതമാനവും മുൻപ് കോവിഡ് ബാധിച്ചവർക്ക് വീണ്ടും രോഗം വന്നതാണെന്ന് പഠനങ്ങൾ സൂചിപ്പിച്ചു.
ഒരുവട്ടം കോവിഡ് വന്നതിനു ശേഷം 28 ദിവസങ്ങൾ കഴിഞ്ഞാൽ വീണ്ടും രോഗബാധയുണ്ടാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളും ടെറിട്ടറികളും നൽകി. മുൻപ് ഈ കാലാവധി 12 ആഴ്ചകൾ ആയിരുന്നു.
പുതിയ വകഭേദങ്ങളെ എങ്ങനെ പ്രതിരോധിക്കാം?
മാസ്കുകൾ ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും, കൈകൾ പതിവായി വൃത്തിയാക്കുകയും, അതോടൊപ്പം COVID-19 വാക്സിനേഷനുകൾ സമയബന്ധിതമായി സ്വീകരിക്കുകയും ചെയ്താൽ കോവിഡ് ഗുരുതരമാകാനുള്ള സാധ്യത കുറയ്ക്കാമെന്നു ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.
ഏറ്റവും രോഗസാധ്യതയുള്ള ആളുകളിൽ ഗുരുതരമായ അണുബാധയ്ക്കുള്ള സാധ്യത മൂന്നിലൊന്നായി കുറയ്ക്കുവാൻ വിന്റർ ബൂസ്റ്റർ ഡോസ് സഹായിക്കുമെന്ന് പ്രമുഖ എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസർ കാതറിൻ ബെന്നറ്റ് പറഞ്ഞു.
നാലാമത്തെ വാക്‌സിൻ എടുത്താൽ രോഗബാധക്കുള്ള സാധ്യത 34 ശതമാനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് 65 ശതമാനവും കുറയുന്നുവെന്ന് ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയും, നെഗേവിലെ ബെൻ-ഗുറിയോൺ സർവകലാശാലയും അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. പ്രായമായ ഇസ്രായേൽ പൗരന്മാരുടെ മരണങ്ങളിൽ 72 ശതമാനം കുറവ് വരുത്തുവാനും നാലാമത്തെ വാക്സിന് കഴിഞ്ഞുവെന്ന് പഠനം ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയിൽ വാക്‌സിൻ നൽകുവാനുള്ള ശുപാർശ ഇപ്രകാരം
- 50 വയസിനു മുകളിലുള്ളവർക്ക് - നാല് ഡോസുകൾ
- 30 മുതൽ 49 വയസ് വരെയുള്ളവർക്ക് മൂന്ന് ഡോസുകൾ ശുപാർശ ചെയ്യുന്നു, നാലാമത്തെ ഡോസ് ഇച്ഛാനുസൃതമായി തിരഞ്ഞെടുക്കാം.
- 16 മുതൽ 29 വയസ് വരെയുള്ളവർക്ക് - മൂന്ന് ഡോസുകൾ
- 5 മുതൽ 15 വയസ് വരെയുള്ളവർക്ക് - രണ്ട് ഡോസുകൾ
12 മുതൽ 15 വയസ്സ് വരെ പ്രായമുള്ളവരിൽ പ്രതിരോധശേഷി കുറഞ്ഞവരോ, സങ്കീർണ്ണമായ ആരോഗ്യ പരിരക്ഷ ആവശ്യമുള്ള വൈകല്യമുള്ളവരോ ആണെങ്കിൽ ഒരു ബൂസ്റ്റർ വാക്‌സിൻ അല്ലെങ്കിൽ മൂന്നാം ഡോസ് ആരോഗ്യ വകുപ്പ് ശുപാർശ ചെയ്യുന്നു.
മൂന്ന് മാസം മുമ്പ് മൂന്നാമത്തെ വാക്‌സിൻ സ്വീകരിച്ച ഈ വിഭാഗക്കാർക്ക് നാലാമത്തെ ഡോസ് ലഭ്യമാണ്:
- 30 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ
- ഒരു വയോജന സംരക്ഷണ (aged care) കേന്ദ്രം അല്ലെങ്കിൽ വൈകല്യ സംരക്ഷണ (disability care) കേന്ദ്രത്തിലെ അന്തേവാസികൾ
- പ്രതിരോധശേഷി കുറവുള്ളവരോ അല്ലെങ്കിൽ 50 വയസോ അതിൽ കൂടുതലുള്ളവരോ ആയ ആദിമവർഗ വിഭാഗങ്ങൾ
- ഗുരുതരമായ COVID-19 രോഗസാധ്യത വർദ്ധിപ്പിക്കുവാൻ തക്ക ആരോഗ്യ അവസ്ഥയുള്ള 16 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ
- 16 വയസോ അതിൽ കൂടുതലോ പ്രായമുള്ള വൈകല്യങ്ങൾ ഉള്ളവർ
കോവിഡ് പോസിറ്റീവായാൽ ഈ മരുന്നുകൾ
കോവിഡ് വൈറസ് ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കുകയോ ശരീരത്തിൽ പെരുകുകയോ ചെയ്യുന്നത് തടയാൻ ആൻറിവൈറൽ മരുന്നുകൾ കൊണ്ട് സാധിക്കും
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ - സാധാരണയായി അഞ്ച് ദിവസത്തിനുള്ളിൽ- lagevrio and paxlovid - ഈ മരുന്നുകൾ ആണ് നിർദ്ദേശിക്കാറുള്ളത്. എന്നാൽ എല്ലാവരും ഈ മരുന്നുകൾ കഴിക്കണമെന്നു ശുപാർശ ചെയ്യുന്നില്ല.
ഗുളികകൾ COVID-19 ന്റെ തീവ്രത ലഘൂകരിക്കുകയും ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
നിലവിൽ താഴെപറയുന്ന വിഭാഗങ്ങളിലെ കോവിഡ്-19 രോഗികൾക്ക് ഈ ഗുളികകൾ ലഭ്യമാണ്:
- 70 വയസിനു മുകളിലുള്ളവർ
- 50 വയസിനു മുകളിലുള്ള പ്രായമുള്ള,രണ്ടോ അതിലധികമോ ഗുരുതരമായ രോഗസാധ്യതയുള്ളവർ (risk factors for severe disease)
- രണ്ടോ അതിലധികമോ ഗുരുതരമായ രോഗസാധ്യതയുള്ള, 30 വയസും അതിൽ കൂടുതലുമുള്ള ആദിമ വർഗക്കാർ
- 18 വയസ്സിനു മുകളിലുള്ള പ്രതിരോധശേഷി കുറഞ്ഞവർ
കോവിഡ് മരുന്നുകൾക്ക് അർഹരായ ആളുകൾ പോസിറ്റീവ് ഫലം ലഭിച്ച ശേഷം ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുവാനും ആരോഗ്യ വകുപ്പ് നിഷ്കർഷിക്കുന്നു.
കൺസഷൻ കാർഡ് ഉടമകൾക്ക് പത്ത് ഡോളറിൽ താഴെയുള്ള തുകയ്ക്കും, ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ് സ്‌കീമിന് അർഹരായവർക്ക് 45 ഡോളറിനും ആൻറിവൈറൽ ഗുളികകൾ ലഭ്യമാണ്.