കൊറോണവൈറസ് ബാധയെത്തുടർന്ന് അതിർത്തി അടച്ചിട്ടതുകാരണം കാൽ ലക്ഷത്തിലേറെ ഓസ്ട്രേലിയക്കാരാണ് തിരിച്ചെത്താനാകാതെ വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്.
ഓരോ ആഴ്ചയും തിരിച്ചെത്താൻ അനുവദിക്കുന്നവരുടെ എണ്ണത്തിൽ സർക്കാർ പരിധി നിശ്ചയിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹോട്ടൽ ക്വാറന്റൈന് മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ പരിധി.
ഇതോടെ തിരിച്ചെത്താൻ ശ്രമിക്കുന്നവർക്ക് വിമാനം കിട്ടാത്ത സാഹചര്യമാണ്.
ഈ പ്രതിസന്ധി പരിഹരിക്കാൻ ഓസ്ട്രേലിയൻ വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിക്കണമെന്ന് ലേബർ പാർട്ടി നേതാവ് ആന്തണി അൽബനീസി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അടിയന്തരമായി ഇതിനുള്ള നടപടിയെടുക്കണമെന്ന് അൽബനീസി സിഡ്നിയിൽ പറഞ്ഞു.
“പ്രധാനമന്ത്രിക്കാണ് അതിർത്തികളുടെ ഉത്തരവാദിത്തം. അദ്ദേഹത്തിനാണ് ക്വാറന്റൈൻ നടപടികളുടെ പ്രധാന ഉത്തരവാദിത്തം. വ്യോമസേനാ വിമാനങ്ങളുടെ നിയന്ത്രണവും അദ്ദേഹത്തിനുണ്ട്. അത് ഉടൻ പ്രയോജനപ്പെടുത്തണം,” അൽബനീസി പറഞ്ഞു.
ഇതോടൊപ്പം ഫെഡറൽ സർക്കാരിന്റെ നേതൃത്വത്തിൽ ക്വാറന്റൈൻ നടപടികൾ ഏർപ്പെടുത്തണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

Federal opposition leader Anthony Albanese. Source: AAP
നിലവിൽ സംസ്ഥാന സർക്കാരുകളാണ് ഹോട്ടൽ ക്വാറന്റൈൻ നടപ്പാക്കുന്നത്.
കൊവിഡ് ബാധ തുടങ്ങിയ കാലത്ത് ക്രിസ്ത്മസ് ഐലന്റിലും, നോർതേൺ ടെറിട്ടറിയിലെ ഹോവാർഡ് സ്പ്രിംഗ്സിലും ഫെഡറൽ സർക്കാർ നേരിട്ട് ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. ചൈനയിലും ജപ്പാനിലും നിന്ന് തിരിച്ചെത്തിച്ചവരെ ക്വാറന്റൈൻ ചെയ്യാനായിരുന്നു അത്.
വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന കൂടുതൽ പേരെ ഡാർവിനിൽ ക്വാറന്റൈൻ ചെയ്യാൻ തയ്യാറാണെന്ന് നോർതേൺ ടെറിട്ടറി സർക്കാർ അറിയിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ, ഫെഡറൽ സർക്കാരിന്റെ കീഴിൽ ക്വാറന്റൈൻ സംവിധാനം തുടങ്ങണമെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാരും ആവശ്യപ്പെട്ടു.
പ്രായോഗികമല്ലെന്ന് ബോർഡർ ഫോഴ്സ്
എന്നാൽ ഈ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ല എന്ന മറുപടിയാണ് അതിർത്തി നിയന്ത്രണത്തിന്റെ ചുമതലയുള്ള ബോർഡർ ഫോഴ്സ് മേധാവി മൈക്കൽ ഓട്ട്രം നൽകിയത്.
നേരത്തേ ഹോവാർഡ് സ്പ്രിംഗ്സിൽ ക്വാറന്റൈൻ നിയന്ത്രിച്ചിരുന്ന ഓസ്ട്രേലിയൻ മെഡിക്കൽ അസിസ്റ്റൻറ്സ് ടീം അംഗങ്ങൾ ഇപ്പോൾ മറ്റു ചുമതലകളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യമേഖലാ പ്രവർത്തകർ ഇല്ലാതെ ക്വാറന്റൈൻ നടപ്പാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടൽ ക്വാറന്റൈൻ ശേഷി വർദ്ധിപ്പിക്കാൻ സംസ്ഥാനസർക്കാരുകളുമായി ABF യോജിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും, ക്വാറന്റൈൻ പരിധി കൂട്ടുകയാണെങ്കിൽ കൂടുതൽ പേരെ രാജ്യത്തേക്ക് അനുവദിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Australian Border Force Commissioner Michael Outram speaks to the media at Parliament House in Canberra in April. Source: AAP
പതിനായിരക്കണക്കിന് ഓസ്ട്രേലിയക്കാർ വിദേശത്ത് കുടുങ്ങിക്കിടക്കുമ്പോഴും ഹോളിവുഡ് താരം ടോം ഹാങ്ക്സിനും സംഘത്തിനും ഓസ്ട്രേലിയയിൽ പ്രവേശിക്കാൻ ABF അനുവാദം നൽകിയിരുന്നു.
ഈ നടപടിയിൽ തെറ്റില്ലെന്ന് ABF കമ്മീഷണർ പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നത് പ്രധാനപ്പെട്ട ഘടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.