വിറ്റല്‍സീ മേഖലയില്‍ 2018-19 കാലഘട്ടത്തില്‍ നാലു സ്ത്രീകള്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ചാണ് വിക്ടോറിയന്‍ കൊറോണറായ ഓഡ്രി ജേമീസണ്‍ അന്വേഷണം നടത്തിയത്.
ഇന്ത്യയില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത മൂന്നു സ്ത്രീകളുടെയും, ശ്രീലങ്കയില്‍ നിന്ന് കുടിയേറിയ ഒരു സ്ത്രീയുടെയും മരണമാണ് കൊറോണര്‍ അന്വേഷിച്ചത്.
29 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇവര്‍. നാലു സംഭവങ്ങളും ആത്മഹത്യയാണെന്ന് കണ്ടെത്തിയിരുന്നു.
ദക്ഷിണേഷ്യന്‍ സമൂഹങ്ങളിലെ സ്ത്രീകളില്‍ ആത്മഹത്യാ നിരക്ക് കൂടുന്നതിലേക്ക് നയിച്ച കാരണങ്ങളും, അത് എങ്ങനെ തടയാന്‍ കഴിയുമായിരുന്നു എന്ന കാര്യവുമാണ് കൊറോണര്‍ അന്വേഷിച്ചത്.
വിറ്റല്‍സീ മേഖലയില്‍ 2018-2019 കാലഘട്ടത്തില്‍ ഏഴ് ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ സമാനമായ സാഹചര്യങ്ങളില്‍ ആത്മഹത്യ ചെയ്ത കാര്യം എസ് ബി എസ് ന്യൂസ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ചില സ്ത്രീകള്‍ ഗാര്‍ഹിക പീഡനം നേരിട്ടതായ വിവരങ്ങളും പുറത്തു വന്നിരുന്നു.
2009നും 2015നും ഇടയില്‍ ഈ പ്രദേശത്ത് ദക്ഷിണേഷ്യന്‍ വംശജരായ സ്ത്രീകള്‍ക്കിടിയല്‍ ആകെ ഒരു ആത്മഹത്യാ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് 2018-19ല്‍ മാത്രം ഏഴു കേസുകളായി ഉയര്‍ന്നത്.
ഇതിനു പിന്നാലെയാണ് സാഹചര്യത്തെക്കുറിച്ച് കൊറോണറുടെ അന്വേഷണം തുടങ്ങിയത്.
ഇന്ത്യന്‍ കൂട്ടായ്മകളുള്‍പ്പെടെ വിവിധ ദക്ഷിണേഷ്യന്‍ അസോസിയേഷനുകളുടെ മേധാവികളില്‍ നിന്നും, വിക്ടോറിയ പൊലീസ്, വിറ്റല്‍സീ കൗണ്‍സില്‍, വിക്ടോറിയന്‍ ആരോഗ്യ വകുപ്പ് തുടങ്ങി ഏജന്‍സികളില്‍ നിന്നും കൊറോണര്‍ തെളിവുകള്‍ ശേഖരിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കൊറോണര്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുള്ളത്.
പലതരം സമ്മര്‍ദ്ദങ്ങള്‍
ഇന്ത്യയിലും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും നിന്ന് കുടിയേറിയ സ്ത്രീകള്‍ നേരിടുന്ന പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഈ തെളിവെടുപ്പുകളില്‍ ഉയര്‍ന്നുവന്നതായി കൊറോണര്‍ ഓഡ്രീ ജേമീസണ്‍ ചൂണ്ടിക്കാട്ടുന്നു. സാമുഹികമായ ഒറ്റപ്പെടല്‍, ഗാര്‍ഹിക പീഡനം, സാമ്പത്തിക വിധേയത്വം തുടങ്ങി പ്രശ്‌നങ്ങളാണ് ഇതില്‍ പ്രധാനം.
എല്ലാ ആത്മഹത്യകളിലും ഇത്തരത്തിലുള്ള എല്ലാ കാരണങ്ങളും ഉണ്ടായിട്ടില്ല. എന്നാല്‍, പൊതുവില്‍ ഇവ പ്രകടമാണെന്ന് കൊറോണര്‍ ചൂണ്ടിക്കാട്ടി.

'Women don't do this unless they are absolutely desperate', solicitor Chris Howse said. Source: Google Maps
വിറ്റല്‍സീ മേഖലയിലെ ദക്ഷിണേഷ്യന്‍ വനിതകള്‍ക്ക് മാനസികാരോഗ്യ സേവനങ്ങളും, ഗാര്‍ഹിക പീഡനത്തിനെതിരായ സേവനങ്ങളും ലഭിക്കുന്നതിന് നിരവധി തടസ്സങ്ങളുണ്ടെന്നും കണ്ടെത്തലുണ്ട്.
ഈ സാഹചര്യത്തിലാണ്, വിറ്റല്‍സീയിലെ ദക്ഷിണേഷ്യന്‍ സമൂഹങ്ങളെ ലക്ഷ്യമിട്ട് കൂടുതല്‍ സേവനങ്ങള്‍ എര്‍പ്പെടുത്തണമെന്ന് കൊറോണര്‍ ശുപാര്‍ശ ചെയ്തത്.
ഈ പ്രദേശത്തെ ദക്ഷിണേഷ്യന്‍ വനിതകള്‍ക്ക് ലഭ്യമായ ആരോഗ്യ-മാനസികാരോഗ്യ സേവനങ്ങള്‍ വിക്ടോറിയന്‍ ആരോഗ്യവകുപ്പ് പുനപരിശോധിക്കണമെന്നും, ഏതൊക്കെ മേഖലകളാണ് മെച്ചപ്പെടുത്തേണ്ടതെന് കണ്ടെത്തണമെന്നും റിപ്പോര്ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ ആത്മഹത്യ ചെയ്ത സ്ത്രീകള്‍ മുമ്പ് ഗാര്‍ഹിക പീഡനമോ സാമൂഹികമായ ഒറ്റപ്പെടലോ നേരിട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ വിക്ടോറിയ പൊലീസ് ഗാര്‍ഹിക പീഡന അന്വേഷണ യൂണിറ്റുകളെ നിയോഗിക്കണമെന്നും കൊറോണര്‍ ശുപാര്‍ശ ചെയ്തു.
നേരത്തേ ഈ വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗാര്‍ഹിക പീഡനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പല സാമൂഹിക സംഘടനകളും രംഗത്തെത്തിയിരുന്നു.
മെല്‍ബണില്‍ 2018ല്‍ ഏറ്റവുമധികം ഗാര്‍ഹിക പീഡനക്കേസുകള്‍ റിപ്പോര്ട്ട് ചെയ്ത രണ്ടാമത്തെ പ്രദേശമാണ് വിറ്റല്‍സി. ഹ്യൂം മേഖലയിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
If you or someone you know is impacted by sexual assault, family or domestic violence, call 1800RESPECT on 1800 737 732 or visit . In an emergency, call 000.
Readers seeking support can contact Lifeline crisis support on 13 11 14, Suicide Call Back Service on 1300 659 467 and Kids Helpline on 1800 55 1800 (for young people aged 5 to 25). More information is available at and