ന്യൂ സൗത്ത് വെയിൽസിന്റെ വടക്കൻ തീരങ്ങളിലും, തെക്കുകിഴക്കൻ ക്വീൻസ്ലാന്റിലുമാണ് ‘വന്യമായ കാലാവസ്ഥ’ നാശം വിതയ്ക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിലെ ബൈറൺ ബേയിലുള്ള മെയിൻ ബീച്ചിലേക്ക് തിരമാലകൾ ഇരച്ചുകയറിയതോടെ, തീരം കടലെടുത്തുപോയി.
കടൽത്തീരത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിൽ ഒലിച്ചുപോയിട്ടുണ്ട്.
തീരത്തെ ഒരു നടപ്പാതയും കടലിലേക്ക് ഒലിച്ചുപോയി. ബീച്ചിലെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടാകും എന്നാണ് ഭീഷണി.
പതിവില്ലാത്ത തരത്തിലുള്ള വേലിയേറ്റമാണ് തീരത്ത് ഉണ്ടായിരിക്കുന്നത്. 1.91 മീറ്റർ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
ബ്രിസ്ബൈൻ മുതൽ വടക്കൻ NSWലെ യാംബ വരെയുള്ള പ്രദേശങ്ങളിൽ കനത്ത പേമാരി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അടുത്ത 24 മണിക്കൂറിൽ 100 മില്ലിമീറ്റർ മുതൽ 250 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.
വലിയ തിരകൾ തീരത്തേക്ക് ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂന്നു മുതൽ അഞ്ചു മീറ്റർ വരെ ഉയരമുള്ള തിരകളാകും തീരത്തെത്തുക എന്നാണ് മുന്നറിയിപ്പ്.

ഈ സാഹചര്യം ഉടൻ മെച്ചപ്പെടാനും സാധ്യതയില്ല.
അടുത്തയാഴ്ച വരെ ഇത്തരത്തിൽ കനത്ത കാറ്റും മഴയും തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയത്.
മാത്രമല്ല, ക്രിസ്ത്മസ് വരെ മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.