ക്വാറന്റൈൻ ലംഘിച്ചെന്ന് അവകാശവാദം: റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയ മാധ്യമപ്രവർത്തകയെ നാടുകടത്തി

ക്വാറന്റൈൻ ലംഘിച്ചു എന്ന് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടതിനു പിന്നാലെ, സെലിബ്രിറ്റി റിയാലിറ്റി ഷോയിൽ പങ്കെടുക്കാനായി പ്രത്യേക വിസയിലെത്തിയ ബ്രിട്ടീഷ് കോളമിസ്റ്റിനെ വിസ റദ്ദാക്കി നാടു കടത്തി. തീവ്രവലതുപക്ഷ നിലപാടുകളിലൂടെ വിവാദം സൃഷ്ടച്ചിട്ടുള്ള കേറ്റീ ഹോപ്കിൻസിനെയാണ് തിരിച്ചയച്ചത്.

Katie Hopkins at a 2017 panel.

Katie Hopkins at a 2017 panel. Source: Getty Images

ചാനൽ സെവൻ സംഘടിപ്പിക്കുന്ന സെലിബ്രിറ്റി റിയാലിറ്റി ഷോ ആയ ബിഗ് ബ്രദർ വി ഐ പിയിൽ പങ്കെടുക്കാനാണ് ബ്രിട്ടീഷ് കോളമിസ്റ്റും കമന്റേറ്ററുമായ കേറ്റീ ഹോപ്കിൻസ് ഓസ്ട്രേലിയയിലെത്തിയത്.

ക്രിട്ടിക്കൽ സ്കിൽസ് വിസ എന്ന രീതിയിൽ പ്രത്യേക ഇളവുകൾ നൽകിയാണ് കേറ്റീ ഹോപ്കിൻസിനെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിച്ചത്.

ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നവരുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ചാനൽ സെവന്റെ അഭ്യർത്ഥന പരിഗണിച്ച് കേറ്റീ ഹോപ്കിൻസിന് പ്രത്യേക ഇളവ് നൽകുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.

എന്നാൽ, ഓസ്ട്രേലിയയിലെത്തിയതിനു പിന്നാലെ ഹോട്ടൽ ക്വാറന്റൈനുമായി ബന്ധപ്പെട്ട പ്രസ്താവനകളിലൂടെ അവർ വിവാദം സൃഷ്ടിക്കുകയാണുണ്ടായത്.



സിഡ്നിയിലെ ഹോട്ടൽ ക്വാറന്റൈൻ നിബന്ധനകൾ താൻ ലംഘിച്ചതായി ഇൻസ്റ്റഗ്രാമിലൂടെ അവകാശപ്പെട്ട അവർ, ഫെഡറൽ സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കളിയാക്കുകയും ചെയ്തു.

ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണുകൾ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളാണെന്ന് അവർ ആരോപിച്ചു.

ഹോട്ടൽ മുറിയിൽ ഭക്ഷണം കൊണ്ടുവരുമ്പോൾ പൂർണ നഗ്നയായി, മാസ്ക് ധരിക്കാതെ വാതിൽ തുറക്കുകയാണ് താനെന്നും അവർ അര മണിക്കൂർ ദൈർഘ്യമുള്ള ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.

ഇതോടെ വ്യാപകമായി കടുത്ത വിമർശനമാണ് കേറ്റീ ഹോപ്കിൻസിനെതിരെ ഉയർന്നത്.

ആയിരക്കണക്കിന് ഓസ്ട്രേലിയക്കാർ തിരിച്ചെത്താൻ കഴിയാതെ വിദേശത്ത് കുടുങ്ങിക്കിടക്കുമ്പോൾ, ഹോപ്കിൻസിനെ പ്രത്യേക ഇളവു നൽകി രാജ്യത്ത് അനുവദിച്ചത് പരഹാസ്യമാണെന്ന് പലരും കുറ്റപ്പെടുത്തി.
Ms Hopkins speaks on instagram from what purports to be a Sydney hotel  room.
Ms Hopkins speaks on Instagram from what purports to be a Sydney hotel room. Source: Instagram
ഹോപ്കിൻസിനെ തിരിച്ചയയ്ക്കുക എന്നാവശ്യപ്പെട്ട് ഓൺലൈൻ ക്യാംപയിനും തുടങ്ങിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇവർ വിസ നിബന്ധനകൾ പാലിച്ചോ എന്ന് പരിശോധിക്കാനും അടിയന്തര നടപടിയെടുക്കാനും ആഭ്യന്തരര മന്ത്രി കേരൻ ആൻഡ്ര്യൂസ് ഉത്തരവിട്ടത്.

ഓസ്ട്രേലിയൻ ആരോഗ്യമേഖലയെയും സമൂഹത്തെയും അപകടത്തിലാക്കുന്ന ഇത്തരം നടപടികളും പ്രസ്താവനകളും ആരുടെ ഭാഗത്തു നിന്നുണ്ടായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കേരൻ ആൻഡ്ര്യൂസ് പറഞ്ഞു.

ഓസ്ട്രേലിയയിലേക്ക് വരാൻ വിസ നൽകുമ്പോൾ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണം എന്നാണ് വ്യവസ്ഥയെന്നും, അത് ലംഘിച്ചിട്ടുണ്ടെങ്കിൽ വിസ റദ്ദാക്കണമെന്ന് ബോർഡർ ഫോഴ്സിനോട് നിർദ്ദേശിച്ചതായും ആഭ്യന്തര മന്ത്രി അറിയിച്ചു.

തുടർന്നാണ് അടിയന്തര പ്രാബല്യത്തോടെ അവരുടെ വിസ റദ്ദാക്കിയത്.

തിരിച്ചയയ്ക്കാനായി അവരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടു.

ഇവർ ബിഗ് ബ്രദർ വി ഐ പി ഷോയിൽ പങ്കെടുക്കില്ലെന്ന് സെവൻ നെറ്റ്വർക്കും പ്രസ്താവനയിറക്കിയിരുന്നു.
വിവാദ പ്രസ്താവനകളിലൂടെ മുമ്പും പല തവണ വിമർശനം നേരിട്ടയാളാണ് കേറ്റീ ഹോപ്കിൻസ്.

ഇവരുടെ ട്വിറ്റർ അക്കൗണ്ട് സ്ഥിരമായി വിലക്കുകയും ചെയ്തിട്ടുണ്ട്.


Share
Published 19 July 2021 4:31pm
Updated 19 July 2021 4:36pm


Share this with family and friends