Feature

ഓസ്ട്രേലിയയിലെ കൊവിഡ് വാക്സിൻ വിതരണം: നിങ്ങൾക്ക് എപ്പോൾ വാക്സിൻ ലഭിക്കും?

ഓസ്ട്രേലിയയിൽ വിതരണം ചെയ്യാനായി ഫെഡറൽ സർക്കാർ കരാർ ഒപ്പുവച്ചിരിക്കുന്ന മൂന്ന് കൊവിഡ് വാക്സിനുകളെക്കുറിച്ചും, ഇത് ഓരോ ജനവിഭാഗത്തിനും എപ്പോഴേക്ക് ലഭിക്കുമെന്നും എസ് ബി എസ് മലയാളം പരിശോധിക്കുന്നു.

Australia vaccine graphic

Australia is due to roll out a vaccine in 2021. Source: SBS News

അതിശയകരമായ വേഗതയിലാണ് കൊറോണവൈറസിനെതിരെയുള്ള വാക്സിനുകളുടെ പരീക്ഷണം ലോകത്ത് നടക്കുന്നത്.

ഫൈസർ-ബയോൺടെക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ബ്രിട്ടനും അമേരിക്കയും അനുമതി നൽകിക്കഴിഞ്ഞു. മൊഡേണ വാക്സിനും അമേരിക്കയിൽ അംഗീകരിച്ചിട്ടുണ്ട്.

ഓസ്ട്രേലിയയിൽ വീണ്ടും കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതോടെ, എപ്പോൾ ഇവിടെ വാക്സിൻ ലഭ്യമാകുമെന്ന് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.

2021ന്റെ ആദ്യ പാദത്തിൽ, അതായത് മാർച്ച് മാസത്തോടെ, ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിൻ നൽകിത്തുടങ്ങും എന്നാണ് ഫെഡറൽസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ ഇതിന് വ്യക്തമായ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. ഇതുവരെ സർക്കാർ വ്യക്തമാക്കിയിരിക്കുന്ന കാര്യങ്ങൾ ഇവയാണ്:

എന്തുകൊണ്ട് ഓസ്ട്രേലിയയിൽ ഇതുവരെ വാക്സിൻ അംഗീകരിച്ചില്ല?

ഇതിന്റെ ഉത്തരം കണ്ടെത്താൻ വളരെ എളുപ്പമാണ് എന്നാണ് യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയിലെ രോഗപ്രതിരോധ വിദഗ്ധൻ പ്രൊഫസർ അഡ്രിയാൻ എസ്റ്റർമാൻ പറയുന്നത്.
തിരക്കുപിടിച്ച് വാക്സിൻ നൽകേണ്ട ആവശ്യമില്ല.
ഫൈസർ വാക്സിന് അമേരിക്കയും ബ്രിട്ടനും “അടിയന്തര ഉപയോഗത്തിനുള്ള അനുമതി” മാത്രമാണ് ഇതുവരെ നൽകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വാക്സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായിട്ടില്ല. പക്ഷേ ആരോഗ്യരംഗത്തെ സാഹചര്യം ഇരു രാജ്യങ്ങളിലും തീരെ മോശമായതിനാലാണ് ഇത്തരത്തിൽ വാക്സിൻ നൽകിത്തുടങ്ങിയത്.
Allergic reactions to the Pfizer/BioNtech vaccine are said to be incredibly rare.
Allergic reactions to the Pfizer/BioNtech vaccine are said to be incredibly rare. Source: Photonews
“ഇത്തരത്തില് വാക്സിനുകൾ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നത് അസാധാരണമാണ്. പക്ഷേ അമേരിക്കയിലെയും ബ്രിട്ടനിലെയും കൊവിഡ് സാഹചര്യം ഒട്ടും ആശാവഹമല്ലാത്തതിനാലാണ് ഈ അസാധാരണ നടപടിയിലേക്ക് അവർ പോയത്,” അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയയിലെ സാഹചര്യം മെച്ചമായതുകൊണ്ടാണ് വാക്സിൻ അടിയന്തരമായി നൽകേണ്ടി വരാത്തത്.
സിഡ്നിയിൽ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടുപോലുള്ള കൊവിഡ് ക്ലസ്റ്ററുകൾ അധികം വ്യാപിക്കാതെ നോക്കിയാൽ ഓസ്ട്രേലിയയിലും അടിയന്തര നടപടികളിലേക്ക് പോകേണ്ടിവരില്ല.

എപ്പോൾ മുതൽ വാക്സിൻ നൽകും?

വാക്സിൻ പരീക്ഷണങ്ങളുടെ വ്യക്തമായ ഫലം ലഭിക്കുന്നതിനു വേണ്ടിയാണ് ഓസ്ട്രേലിയയിൽ മരുന്നുകൾക്ക് അനുമതി നൽകുന്ന തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ കാത്തിരിക്കുന്നത്.

“ഈ ഫലം വ്യക്തമായി പരിശോധിച്ച്, അതിൽ സംതൃപ്തി ലഭിച്ച ശേഷം മാത്രം വാക്സിൻ വിതരണം തുടങ്ങാം എന്നാണ് TGAയുടെ പദ്ധതി”, പ്രൊഫസർ എസ്റ്റർമാൻ ചൂണ്ടിക്കാട്ടി.

2021 മാർച്ച് മാസത്തോടെ ഫൈസർ-ബയോൺടെക് വാക്സിൻ ഓസ്ട്രേലിയയിൽ ലഭ്യമാകും എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

ആർക്കാകും ആദ്യം വാക്സിൻ ലഭിക്കുക?

വ്യക്തമായ മുൻഗണനാ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും വാക്സിൻ വിതരണം ചെയ്യുക എന്നാണ് ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി വ്യക്തമാക്കിയിട്ടുണ്ട്.

പ്രാമേറിയവർ, അപകടകരമാകാവുന്ന മറ്റു രോഗങ്ങളുള്ളവർ എന്നിവർക്കായിരിക്കും ആദ്യ പരിഗണന.

ആരോഗ്യമേഖലാപ്രവർത്തകരും ഏജ്ഡ് കെയർ പ്രവർത്തകരും ഉൾപ്പെടെ, രോഗബാധയ്ക്ക് സാധ്യത കൂടിയവരാകും പരിഗണനാ പട്ടികയിൽ രണ്ടാമത്.

എമർജൻസി സേവനമേഖലകളിലും, അവശ്യസേവന മേഖലകളിലും ഉള്ളവരാണ് പട്ടികയിൽ മൂന്നാമത്.

അതിനു ശേഷമാകും മറ്റുള്ളവരിലേക്ക് വാക്സിൻ എത്തുക.

ഏതൊക്കെ വാക്സിനാണ് ഓസ്ട്രേലിയയിൽ ആദ്യം ലഭിക്കാൻ സാധ്യത?

ക്വീൻസ്ലാന്റ് യൂണിവേഴ്സിറ്റിയുടെ വാക്സിൻ പരീക്ഷണം ഉപേക്ഷിച്ചതോടെ, മൂന്ന് വാക്സിനുകളാണ് ഇപ്പോൾ ഓസട്രേലിയയുടെ പദ്ധതിയിൽ ഉള്ളത്.

ഈ മൂന്നു വാക്സിനുകളും രണ്ടു ഡോസുകൾ വീതം നൽകേണ്ടവയാണ്.

അതായത്, രണ്ടര കോടിയോളം ഓസ്ട്രേലിയക്കാർക്ക് നൽകാനായി, അഞ്ചു കോടി ഡോസ് വാക്സിനെങ്കിലും വേണ്ടിവരും.

  • ആസ്ട്ര സെനക്ക

AstraZeneca
Source: SBS News
ക്വീൻസ്ലാന്റ് യൂണിവേഴ്സിറ്റി വാക്സിൻ പരീക്ഷണം ഉപേക്ഷിച്ചതോടെ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി – ആസ്ട്ര സെനക്ക വാക്സിനു വേണ്ടിയുള്ള കരാർ ഫെഡറൽ സർക്കാ്് പുതുക്കി.

3.38 കോടി ഡോളറിൽ നിന്ന് 5.38 കോടി ഡോസ് വാക്സിനായാണ് കരാർ പുതുക്കിയത്.
ഒരു രാജ്യത്തും ഈ വാക്സിന് അനുമതി നൽകിയിട്ടില്ല.
എന്നാൽ 90 ശതമാനം വിജയനിരക്കുണ്ട് എന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളത്.

“വൈറൽ വെക്ടർ എന്നറിയപ്പെടുന്ന രീതിയിലെ വാക്സിനാണ് ഇത്” പ്രൊഫസർ എസ്റ്റർമാൻ പറഞ്ഞു.

“അപകടകരമല്ലാത്ത ചിംപാൻസി വൈറസ് മനുഷ്യശരീരത്തിൽ കുത്തിവയ്ക്കുകയും, അതിലൂടെ പ്രതിരോധ ശേഷി ലഭ്യമാക്കുകയും ചെയ്യുന്ന തരത്തിലാണ് ഇത് പ്രവർത്തിക്കുക.”

ഓസ്ട്രേലിയൻ മരുന്നു നിർമ്മാതാക്കളായ CSL ഈ വാക്സിൻ മെൽബണിൽ ഉത്പാദിപ്പിക്കും.



അഞ്ചു കോടി ഡോസാണ് CSL ഉത്പാദിപ്പിക്കുന്നത്. അന്തിമ അനുമതിക്ക് മുമ്പു തന്നെ ഉത്പാദനം തുടങ്ങിയിട്ടുണ്ട്.

പക്ഷേ അനുമതി ലഭിക്കാതെ ഇത് ഉപയോഗിക്കാൻ കഴിയില്ല.

  • നൊവാവാക്സ്

Novavax
Source: SBS News
അമേരിക്കൻ കമ്പനിയായ നൊവാവാക്സിന്റെ 5.1 കോടി ഡോസാണ് ഓസ്ട്രേലിയ ഉറപ്പാക്കിയിരിക്കുന്നത്.

മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള വാക്സിനാണ് ഇത്.

പ്രൊട്ടീൻ വാക്സിൻ എന്ന, ഏറെക്കാലമായുള്ള രീതി പിന്തുടരുന്ന വാക്സിനാണ് ഇത്.

സെപ്റ്റംബറിൽ മാത്രമാണ് ഇതിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങിയത്. അതിനാൽ അടുത്ത വർഷം മാത്രമേ ഇതിന് അനുമതി ലഭിക്കുള്ളൂ എന്നാണ് പ്രൊഫസർ എസ്റ്റർമാൻ കരുതുന്നത്.

മേയ്-ജൂൺ മാസങ്ങളോടെ മാത്രമാകും ഇതുലഭ്യമാകുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

  • ഫൈസർ/ബയോൺടെക്

Pfizer/BioNtech
Source: SBS News
വിവിധ രാജ്യങ്ങളിൽ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞ ഫൈസർ വാക്സിൻ ഒരു കോടി ഡോസ് ലഭ്യമാക്കുന്നതിനായാണ് ഓസ്ട്രേലയി കരാർ നൽകിയിരിക്കുന്നത്.

95 ശതമാനം വിജയനിരക്ക് നേടിയ വാക്സിനാണ് ഇത്.

ഓസ്ട്രേലിയയിലേക്ക് ആദ്യമെത്തുന്ന വാക്സിനും ഇതു തന്നെയാകും.
മെസഞ്ചർ RNA (mRNA) എന്നറിയപ്പെടുന്ന പുത്തൻ സാങ്കേതിക വിദ്യയിലെ വാക്സിനാണ് ഇത്.
ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാക്സിൻ വികസിപ്പിക്കുന്നത്.

ഫൈസർ വാക്സിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന്, ഈ പരീക്ഷണത്തിൽ പങ്കാളിയായ മലയാളി വിവരിക്കുന്നത് ഇവിടെ കേൾക്കാം.
LISTEN TO
How long do we have to wait for COVID-19 vaccines? image

ഫൈസർ കൊവിഡ് വാക്സിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?: പരീക്ഷണത്തിൽ ഭാഗമായ മലയാളി വിശദീകരിക്കുന്നു

SBS Malayalam

23:51
ഈ വാക്സിന് ലഭ്യമായാൽ പോലും 50 ലക്ഷം ഓസ്ട്രേലിയക്കാർക്ക് മാത്രമേ നൽകാൻ കഴിയൂ. ഇതും രണ്ടും ഡോസ് വേണ്ടവാക്സിനാണ്.

മൂന്നു വാക്സിനുകൾക്കു വേണ്ടി മാത്രം കരാർ ഒപ്പിട്ട സർക്കാർ നടപടിയെ ലേബർ പാർട്ടി വിമർശിച്ചിരുന്നു.

അഞ്ചോ ആറോ വാക്സിനുകൾ ഉറപ്പാക്കുക എന്നാണ് മറ്റ് നിരവധി രാജ്യങ്ങൾ ചെയ്തതെന്ന് ലേബർ ചൂണ്ടിക്കാട്ടി.

ഫൈസർ വാക്സിൻ നൽകുന്നതിലെ വെല്ലുവിളി

ഫൈസർ വാക്സിൻ ലഭ്യമായാലും അത് സൂക്ഷിക്കുന്നതും നൽകുന്നതും വലിയൊരു വെല്ലുവിളിയാണ്.
മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ മാത്രമേ ഈ വാക്സിൻ സൂക്ഷിക്കാൻ കഴിയൂ.
അതായത്, അന്റാർട്ടിക്കയിലെ താപനിലയിൽ.

“പ്രത്യേക കണ്ടെയിനറുകളിൽ വേണം ഈ വാക്സിൻ സൂക്ഷിക്കാൻ”, പ്രൊഫസർ എസ്റ്റർമാൻ പറഞ്ഞു.

“എസ്കീ പോലുള്ള കണ്ടെയിനറുകളാകും ഇവ. പക്ഷേ ദ്രവ നൈട്രജൻ ഉപയോഗിച്ച് അതീവ ശൈത്യം നിലനിർത്തേണ്ടിവരും.”

എന്നാൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഓസ്ട്രേലിയയ്ക്ക് കഴിയും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

mRNA ഉപയോഗിക്കുന്ന ഫൈസർ വാക്സിൻ പോലുള്ളവ ഓസ്ട്രേലിയയിൽ ഉത്പാദിപ്പിക്കാൻ ഇപ്പോൽ കഴിയില്ല എന്നതാണ് മറ്റൊരു വെല്ലുവിളി. സാങ്കേതിക വിദ്യ തന്നെയാണ് തടസം.

എന്നാൽ സമീപ ഭാവിയിൽ ഓസ്ട്രേലിയയിലും ഈ സാങ്കേതിക വിദ്യ എത്തും എന്ന് പ്രൊഫസർ എസ്റ്റർമാൻ വിശ്വസിക്കുന്നു.

ഓസ്ട്രേലിയക്കാർ വാക്സിനെടുക്കുമോ? ജനം എന്തു ചിന്തിക്കുന്നു..

ലോകത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ് വാക്സിനെതിരെ നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ വ്യാപിക്കുന്നുണ്ട്.
പല രാജ്യങ്ങളുടെയും ഭരണാധികാരികൾ പോലും വാക്സിനെതിരെയുള്ള പ്രചാരണങ്ങളുടെ ഭാഗമായിട്ടുണ്ട്.
‘വാക്സിനെടുത്ത് മനുഷ്യൻ മുതലയായി മാറിയാൽ നിർമ്മാതാക്കൾ ഉത്തരവാദിത്തം ഏറ്റെടുക്കില്ല’ എന്നാണ് ഫൈസർ വാക്സിനെ എതിർത്തുകൊണ്ട് ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബോൺസലാറോ പറഞ്ഞത്.

ഓസ്ട്രേലിയയിലും നിരവധി പേർ വാക്സിന്റെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന് മെൽബണിൽ ജി പി ആയ അഭിഷേക് വര്മ്മ പറഞ്ഞു.

നവംബറിൽ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി നടത്തിയ സർവേയിൽ 58.5 ശതമാനം പേരും പറഞ്ഞത് ഉറപ്പായും വാക്സിനെടുക്കും എന്നാണ്. ആറു ശതമാനം പേർ മാത്രമാണ് വാക്സിൻ എടുക്കില്ല എന്ന് തറപ്പിച്ച് പറഞ്ഞത്.

ഓസ്ട്രേലിയൻ മലയാളികളോട് ഇക്കാര്യം എസ് ബി എസ് മലയാളം ചോദിച്ചു.

അതിന് ലഭിച്ച ഉത്തരം ഇവിടെ അറിയാം.
LISTEN TO
Vaccine hope: How ready are you to receive the Covid vaccine when available? image

വാക്സിൻ പ്രതീക്ഷയിൽ ലോകം; എടുക്കാൻ ആശങ്കയെന്ന് ചിലർ: നിങ്ങളുടെ നിലപാടെന്ത്?

SBS Malayalam

13:31

വാക്സിനെടുത്താൽ കൊവിഡ് ഭീതി മാറുമോ?

പരീക്ഷണഘട്ടത്തിൽ വിജയം കണ്ടെങ്കിലും, വാക്സിനുകൾ എത്ര കാലത്തേക്ക് ഫലപ്രദമാകും എന്നത് ഇനിയും വ്യക്തമല്ല.

ഏതാനും മാസങ്ങൾ മാത്രമാണോ പ്രതിരോധ ശേഷി ലഭിക്കുക, അതോ ആജീവനാന്ത പ്രതിരോധ ശേഷിയുണ്ടാകുമോ തുടങ്ങിയതുപോലുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ട്.

എന്നാൽ, ഓരോ വ്യക്തികളുടെയും പ്രതിരോധ ശേഷി എന്നതിനെക്കാൾ കൂടുതൽ, സമൂഹത്തിന് മൊത്തത്തിൽ രോഗപ്രതിരോധ ശേഷി നൽകുക എന്നതാകും ലക്ഷ്യം. അതുകൊണ്ടുതന്നെ, ഹ്രസ്വകാല ശേഷിയുള്ള വാക്സിനാണെങ്കിൽ പോലും അത് എടുക്കേണ്ടത് അനിവാര്യമായിരിക്കും.

ചിത്രം എപ്പോൾ വ്യക്തമാകും?

ഓസ്ട്രേലിയയിൽ എപ്പോൾ വാക്സിൻ നൽകിത്തുടഹ്ങും എന്ന കാര്യത്തിൽ ജനുവരിയോടെ വ്യക്തത വരുത്തും എന്നാണ് ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി അറിയിച്ചിരിക്കുന്നത്.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at 

Please check the relevant guidelines for your state or territory: .



Share
Published 22 December 2020 4:13pm
Updated 22 December 2020 4:19pm
By Deeju Sivadas


Share this with family and friends