കൊറോണവൈറസ് ബാധ കാരണം 2020 മാർച്ച് മുതൽ ഓസ്ട്രേലിയക്കാരുടെ വിദേശയാത്ര നിരോധിച്ചിരിക്കുകയാണ്.
ഫെഡറൽ സർക്കാരിന്റെ പ്രത്യേക അനുമതിയുണ്ടെങ്കിൽ മാത്രമേ ഓസ്ട്രേലിയൻ പൗരൻമാർക്കും പെർമനന്റ് റെസിഡന്റ്സിനും വിദേശത്തേക്ക് പോകാൻ കഴിയൂ.
എന്നാൽ, പതിവായി വിദേശത്ത് ജീവിക്കുന്ന ഓസ്ട്രേലിയൻ പൗരൻമാർക്കും പെർമനന്റ് റെസിഡന്റ്സിനും ഈ നിയന്ത്രണം ബാധകമല്ലായിരുന്നു. പ്രത്യേക അനുമതിയൊന്നും കൂടാതെ തന്നെ സ്ഥിരതാമസമാക്കിയ രാജ്യത്തേക്ക് പോകാൻ അവർക്ക് കഴിയുമായിരുന്നു.
മറ്റൊരു രാജ്യത്താണ് സ്ഥിരമായി താമസിക്കുന്നത് എന്ന് തെളിയിച്ചാൽ മാത്രം മതിയായിരുന്നു.
ഇതിലാണ് ഫെഡറൽ സർക്കാർ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച ഭേദഗതിയിലൂടെയാണ് സർക്കാർ ആരോഗ്യ ഉത്തരവിൽ മാറ്റം വരുത്തിയത്. ഇതോടെ ഓഗസ്റ്റ് 11 മുതൽ ഈ വിഭാഗത്തിലുള്ള ഓസ്ട്രേലിയക്കാർക്കും രാജ്യാന്തര യാത്രാ വിലക്ക് ബാധകമാകും.
ഒഴിവാക്കാനാകാത്ത സാഹചര്യമുണ്ട് എന്ന് തെളിയിച്ചാൽ മാത്രമേ വിദേശത്ത് ജീവിക്കുന്ന ഓസ്ട്രേലിയക്കാർക്കും ഇനി മുതൽ ഓസ്ട്രേലിയയിൽ നിന്ന് പുറത്തേക്ക് പോകാൻ കഴിയൂ.
അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുപോലും അതിലെ പിഴവുകൾ ഉപയോഗിച്ച് കുറച്ചുപേർ പതിവായി യാത്ര ചെയ്യുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പാർലമെന്റിനെ അറിയിച്ചു.
ഹോട്ടൽ ക്വാറന്റൈൻ സംവിധാനത്തിൽ അമിത സമ്മർദ്ദമുണ്ടാകുന്നത് കുറയ്ക്കാനും, വിദേശത്ത് കുടുങ്ങിയ കൂടുതൽ ഓസ്ട്രേലിയക്കാരെ തിരിച്ചെത്തിക്കാനും ഇത് സഹായിക്കുമെന്നും സർക്കാർ അവകാശപ്പെട്ടു.
എല്ലാ ഓസ്ട്രേലിയക്കാർക്കും സമാനനിയന്ത്രണങ്ങൾ ബാധകമാക്കുന്നതിനുവേണ്ടിയാണ് ഈ ഭേദഗതിയെന്ന് ആഭ്യന്തരമന്ത്രി കേരൻ ആൻഡ്ര്യൂസിന്റെ വക്താവ് എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
“വിദേശത്തു താമസമാക്കിയ ഓസ്ട്രേലിയക്കാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുകയല്ല. മറിച്ച് അവർ വിദേശത്തേക്ക് യാത്ര ചെയ്യാൻ പ്രത്യേക അനുമതിക്കായി അപേക്ഷിക്കേണ്ടിവരും” – വക്താവ് അറിയിച്ചു.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്സിനും തിരിച്ചെത്താൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആഴ്ചയിൽ 3,000ഓളംപേരെ മാത്രമാണ് ഇപ്പോൾ തിരിച്ചെത്താൻ അനുവദിക്കുന്നത്.
35,000ലേറെ ഓസ്ട്രേലിക്കാരാണ് ഇപ്പോഴും തിരിച്ചുവരവ് കാത്ത് വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.