ഓസ്‌ട്രേലിയയിൽ റാപിഡ് ആന്റിജൻ ടെസ്റ്റിംഗ് കിറ്റുകൾ ആഴ്ചകൾക്കുള്ളിൽ തയ്യാറാകുമെന്ന് TGA (The Therapeutic Goods Administration) അറിയിച്ചു. അന്തിമ പരിശോധനകളും അനുമതിയും മാത്രമാണ് ബാക്കിയുള്ളത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.
വീട്ടിൽ പരിശോധന നടത്താൻ കഴിയുന്ന 70 ലധികം കിറ്റുകളുടെ അനുമതിക്കായുള്ള അപേക്ഷ ലഭിച്ചിട്ടുള്ള കാര്യം അധികൃതർ ചൂണ്ടിക്കാട്ടി. ഇതിൽ 33 എണ്ണം രംഗത്തുള്ളവരുടെ മേൽനോട്ടത്തോടെ ഉപയോഗിക്കാൻ അംഗീകാരം ലഭിച്ചവയാണ്.
പുതിയ പരിശോധനാ കിറ്റുകൾ കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
ഓസ്‌ട്രേലിയക്കാർക്ക് മറ്റൊരു പ്രതിരോധ സംവിധാനം കൂടിയാണ് ഇത് വഴി ലഭ്യമാകുക എന്നദ്ദേഹം പറഞ്ഞു.
ഹോം ടെസ്റ്റിംഗ് കിറ്റുപയോഗിച്ചുള്ള പരിശോധനാ ഫലം 20 മിനിറ്റിൽ ലഭ്യമാകും.
പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ അധികൃതർ ലഭ്യമാക്കുന്ന PCR പരിശോധനക്കായി പോകാവുന്നതാണെന്ന് ഗ്രെഗ് ഹണ്ട് കൂട്ടിച്ചേർത്തു.
എന്നാൽ രാജ്യത്തെ വാക്‌സിനേഷൻ നിരക്ക് കൂടുന്നതിനെ ആശ്രയിച്ചായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക എന്നും അധികൃതർ വ്യക്തമാക്കി.
അതെസമയം വീട്ടിലെ പരിശോധനാഫലങ്ങൾ പോസിറ്റീവാകുന്ന സാഹചര്യത്തിൽ അധികൃതരെ അറിയിക്കാനുള്ള സംവിധാനങ്ങൾ സംസ്ഥാനങ്ങളും ടെറിറ്ററികളും ഒരുക്കേണ്ടതുണ്ട് എന്ന് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.
ഹോം ടെസ്റ്റിംഗിൽ പോസിറ്റീവാകുന്നവർക്ക് ക്ലിനിക്കിൽ വീണ്ടും പരിശോധനക്ക് വിധേയരാകാനുള്ള നിർദ്ദേശം ലഭിക്കുമെന്ന് TGA പറഞ്ഞു.
ഓസ്‌ട്രേലിയയിൽ 16 വയസിന് മേൽ പ്രായമുള്ള 76 ശതമാനവും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായും, 52.6 ശതമാനം പേർ രണ്ട് ഡോസ് സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.