കൊറോണപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ പേർ യൂണിവേഴ്സിറ്റി പഠനത്തിനായി എത്തും എന്ന കണക്കുകൂട്ടലിലാണ് ഫീസ് ഘടനയും സീറ്റുകളുടെ എണ്ണവും സർക്കാർ ഉടച്ചുവാർക്കുന്നത്.
2023 മുതൽ ഓസ്ട്രേലിയൻ വിദ്യാർത്ഥികൾക്കായി 39,000 അധിക സീറ്റുകൾ യൂണിവേഴ്സിറ്റികൾ നൽകും. 2030ഓടെ ഒരു ലക്ഷം അധിക സീറ്റുകൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
2021ൽ തന്നെ യൂണിവേഴ്സിറ്റി കോഴ്സുകൾക്കുള്ള ആവശ്യക്കാർ വർദ്ധിക്കും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പന്ത്രണ്ടാം ക്ലാസ് കഴിയുന്ന വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗം യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നത് ഒരു വർഷം വൈകിക്കാറാണ് പതിവ്. എന്നാൽ യാത്രാ വിലക്കുകളും, തൊഴിൽ ലഭിക്കാനുള്ള പ്രയാസവുമെല്ലാം കാരണം ഇത്തവണ ഇവരും യൂണിവേഴ്സിറ്റി പഠനത്തിനായി അപേക്ഷിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
യൂണിവേഴ്സിറ്റി ഫണ്ടിംഗിലെ വർദ്ധനവ് സർക്കാർ മരവിപ്പിച്ചതിനാൽ കഴിഞ്ഞ രണ്ടു വർഷമായി സീറ്റുകളുടെ എണ്ണം കൂടിയിട്ടില്ല.
ഹ്യുമാനിറ്റീസ് ഫീസ് ഇരട്ടിയാകും
കൂടുതൽ തൊഴിൽ സാധ്യതയുള്ള കോഴ്സുകളുടെ ഫീസ് കുറയ്ക്കാനാണ് സർക്കാർ തീരുമാനം. അതേസമയം, ആർട്സ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ്, നിയമം തുടങ്ങിയ ഡിഗ്രികളുടെ ഫീസ് ഉയരും.
ഓസ്ട്രേലിയൻ വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന സബ്സിഡിയിലാണ് ഗണ്യമായ മാറ്റം വരുന്നത്. അതോടെ ആഭ്യന്തര വിദ്യാർത്ഥികൾ നൽകേണ്ട വിഹിതം മാറും.
നിലവിൽ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന കുട്ടികളെ ഈ മാറ്റം ബാധിക്കില്ല.
ഹ്യുമാനിറ്റീസ് ഡിഗ്രികളുടെ ഫീസാകും ഏറ്റവുമധികം വർദ്ധിക്കുന്നത്. 113 ശതമാനം വർദ്ധനവാകും ഇതിലുണ്ടാവുക.
നിയമം, കൊമേഴ്സ് കോഴ്സുകളുടെ ഫീസ് 28 % കൂടും.
അതായത്, ഹ്യുമാനിറ്റീസ് കോഴ്സ് പഠിക്കുന്ന ഒരു വിദ്യാർത്ഥി നിലവിൽ മൂന്നു വർഷം കൊണ്ട് 20,400 ഡോളർ ഫീസ് വിഹിതം നൽകുന്നത്, 43,500 ഡോളറായി വർദ്ധിക്കും.
സർക്കാർ വിഹിതം 3,300 ഡോളറായാണ് കുറയുന്നത്.
നാലു വർഷത്തെ നിയമബിരുദത്തിന്റെ ഫീസ് 44,620ൽ നിന്ന് 58,000 ആയി ഉയരും.
കൊമേഴ്സിന്റെ ഫീസും നിലവിലെ 34,000ൽ നിന്ന് 43,500 ആയി വർദ്ധിക്കും.
അതേസമയം, ശാസ്ത്രം, ആരോഗ്യം, നഴ്സിംഗ്, IT, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം, കൃഷി, പരിസ്ഥിതി, അധ്യാപനം, ഭാഷാപഠനം തുടങ്ങിയവയുടെ ഫീസ് കുറയ്ക്കാനാണ് തീരുമാനം.
- ഗണിതശാസ്ത്രം, കൃഷി വിഷയങ്ങളിലെ ബിരുദ പഠനത്തിന് ഫീസ് 62 ശതമാനം കുറയും
- വിദ്യാർത്ഥി വിഹിതം 28,600ൽ നിന്ന് 11,100 ആകും
- നഴ്സിംഗ്, അധ്യാപനം, ക്ലിനിക്കൽ സൈക്കോളജി, ഇംഗ്ലീഷ്, മറ്റ് ഭാഷാ ബിരുദങ്ങൾ എന്നിവയുടെ ഫീസ് 46% കുറയും
- ശാസ്ത്രം, ആരോഗ്യം, ആർക്കിടെക്ചർ, പരിസ്ഥിതിശാസ്ത്രം, IT, എഞ്ചിനീയറിംഗ് ഡിഗ്രികൾക്ക് 20 ശതമാനം കുറവ്
- മെഡിക്കൽ, ഡെൻറർ, വൈറ്റിനറി കോഴ്സുകളുടെ ഫീസ് മാറില്ല
ഏതു ഡിഗ്രി എന്നത് കണക്കാക്കിയല്ല ഫീസ് നിശ്ചയിക്കുന്നതെന്നും, വിഷയങ്ങൾ കണക്കാക്കിയാണെന്നും വിദ്യാഭ്യാസമന്ത്രി ഡാൻ ടെഹാൻ പറഞ്ഞു.
അതിനാൽ, ഹ്യുമാനിറ്റീസ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇലക്ടീവ് സബ്ജക്ടായി ഇംഗ്ലീഷോ മറ്റൊരു ഭാഷാ പഠനമോ തെരഞ്ഞെടുത്താൽ അതിന്റെ ഫീസ് കുറവായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.