കൊറോണ വൈറസ് പ്രതിസന്ധി തുടങ്ങിയ ശേഷം 15,000ലേറെ പേർ ഓസ്ട്രേലിയൻ പൗരത്വം സ്വീകരിച്ചതായി ആഭ്യന്തരകാര്യ വകുപ്പ് അറിയിച്ചു.
സാമൂഹിക നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൗരത്വദാന ചടങ്ങുകൾ ഓൺലൈനാക്കി മാറ്റിയിരുന്നു.
ദിവസവും 750ലേറെ പേർ ഓൺലൈനായി പൗരത്വദാന ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും, കൊറോണബാധ തുടങ്ങിയ ശേഷം മേയ് 20 വരെ 15,000 പേർ ചടങ്ങിൽ പങ്കെടുത്തെന്നും ആഭ്യന്തരകാര്യ വക്താവ് എസ് ബി എസ് ഹിന്ദി പരിപാടിയോട് പറഞ്ഞു.
ഈ സാമ്പത്തിക വർഷം ഇതുവരെ 1,70,819 പേരാണ് പൗരത്വം സ്വീകരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 56 ശതമാനം കൂടുതലാണ് ഇതെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
അതേസമയം, ഇപ്പോൾ പൗരത്വത്തിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് കൂടുതൽ കാലം കാത്തിരിക്കേണ്ടിവരും.
അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിനുള്ള കാലാവധി കൂടിയതായി സർക്കാർ അറിയിച്ചു.
അപേക്ഷ നല്കിയ ശേഷം പൗരത്വ ദാന ചടങ്ങുവരെയുള്ള ശരാശരി കാലാവധി കഴിഞ്ഞ വർഷം 16 മാസമായിരുന്നു.
എന്നാൽ ഈ ഏപ്രിലിൽ സർക്കാർ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഇത് 23 മാസം വരെയായിരിക്കും.
ആരോഗ്യസംരക്ഷണ നടപടികളുടെ ഭാഗമായി മുഖാമുഖമുള്ള പൗരത്വ അഭിമുഖങ്ങളും, പൗരത്വ പരീക്ഷകളുമെല്ലാം നിർത്തിവച്ചിരിക്കുകയാണ്. ഇതാണ് കാലതാമസത്തിന് കാരണമെന്ന് വകുപ്പ് വ്യക്തമാക്കി.
സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമേ ഈ നടപടിക്രമങ്ങൾ പുനരാരംഭിക്കുകയുള്ളൂ. എന്നാൽ അപേക്ഷകൾ സമർപ്പിക്കാൻ ഇപ്പോഴും കഴിയുമെന്നും സർക്കാർ അറിയിച്ചു.
നേരിട്ടുള്ള അപ്പോയിന്റ്മെന്റ് ആവശ്യമില്ലാത്ത അപേക്ഷകളിൽ വകുപ്പ് തീരുമാനമെടുക്കും. മറ്റ് അപേക്ഷകളും പരിഗണിച്ച് തുടങ്ങുമെന്നും, നേരിട്ടുള്ള കൂടിക്കാഴ്ച ആവശ്യമായ ഘട്ടത്തിൽ അത് നിർത്തിവയ്ക്കുമെന്നും വക്താവ് വ്യക്തമാക്കി.
കൊറോണ നിയന്ത്രണങ്ങൾ മാറിക്കഴിയുമ്പോൾ പൗരത്വ പരീക്ഷകളും അഭിമുഖങ്ങളും നടത്താനായി കൂടുതൽ ഫണ്ടിംഗ് നൽകുമെന്ന് ആക്ടിംഗ് കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
ഏപ്രിൽ 30 ലെ കണക്കു പ്രകാരം 1,17,958 പേരാണ് പൗരത്വ അപേക്ഷ സമർപ്പിച്ച ശേഷം തീരുമാനം കാത്തിരിക്കുന്നത്.