ഇന്ത്യയിൽ കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാർ താൽക്കാലിക യാത്രാ നിരോധനം പ്രഖ്യാപിച്ചത്.
മേയ് 15 വരെ വിമാനയാത്രാ വിലക്ക് പ്രഖ്യാപിച്ച സർക്കാർ, പിന്നീട് അത് സമ്പൂർണ യാത്രാ നിരോധനമാക്കുകയായിരുന്നു.
എന്നാൽ ഈ നിരോധനം നീട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ച ചേർന്ന ക്യാബിനറ്റ് സുരക്ഷാ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
മേയ് 15ന് വിലക്ക് പിൻവലിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ ഇന്ത്യയിൽ നിന്ന് വിമാനം പുറപ്പെടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 200 യാത്രക്കാരെയും കൊണ്ടുള്ള വിമാനമായിരിക്കും ആദ്യം എത്തുന്നത്.
ഇന്ത്യയിൽ നിന്നെത്തുന്ന എല്ലാവരെയും ഡാർവിനിലെ ഹോവാർഡ് സ്പ്രിംഗ്സിൽ ക്വാറന്റൈൻ ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്.
മാത്രമല്ല, ഇനിമുതൽ ഇന്ത്യയിൽ നിന്നു വരുന്ന എല്ലാവരും യാത്ര പുറപ്പെടും മുമ്പ് PCR പരിശോധനയിലും, റാപ്പിഡ് ആന്റിജൻ പരിശോധനയിലും നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് നൽകണം.
വിലക്ക് നിലവിൽ വരുന്നതിന് മുമ്പ് സിഡ്നിയിലേക്കും നേരിട്ടുള്ള എയർ ഇന്ത്യാ വിമാന സർവീസ് ഉണ്ടായിരുന്നു. ഈ വന്ദേഭാരത് വിമാനങ്ങൾ ഇപ്പോൾ അനുവദിക്കുമോ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
മറ്റു രാജ്യങ്ങൾ വഴി ട്രാൻസിറ്റ് വിമാനങ്ങളിൽ വരുന്നവരുടെ കാര്യത്തിലും സർക്കാർ തീരുമാനം വ്യക്തമാക്കിയിട്ടില്ല. ഇതും സാവധാനത്തിൽ മാത്രമേ തുടങ്ങാൻ സാധ്യതയുള്ളൂ എന്ന് എ ബി സി റിപ്പോർട്ട് ചെയ്തു.
നിലവിൽ 9,000ലേറെ ഓസ്ട്രേലിയക്കാരാണ് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നതായി ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിൽ 900 പേരോളം ആരോഗ്യപരമായോ മറ്റോ പ്രത്യേക ശ്രദ്ധ വേണ്ടവരാണ്. ഇവർക്കായിരിക്കും ഇനിയുള്ള വിമാനങ്ങളിൽ മുൻഗണന നൽകുക.
ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയ സർക്കാർ നടപടി കടുത്ത വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു.
ഇത് നിയമവിരുദ്ധവും മനുഷ്യാവകാശലംഘനവും ആണെന്ന കേസ് ഇപ്പോൾ ഫെഡറൽ കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, ഈ വിലക്ക് ഏർപ്പെടുത്തിയതിലൂടെ രാജ്യത്തെ ക്വാറന്റൈൻ സംവിധാനത്തിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞു എന്നാണ് ക്യാബിനറ്റ് സുരക്ഷാ സമിതി വിലയിരുത്തിയത്.