അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നു; നടപടി അമേരിക്കന്‍ പ്രഖ്യാപനത്തെ തുടര്‍ന്ന്‌

അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാന്‍ അമേരിക്കയ്ക്കു പിന്നാലെ ഓസ്‌ട്രേലിയയും തീരുമാനിച്ചു. രണ്ടു പതിറ്റാണ്ട് നീണ്ടു നിന്ന സൈനിക നടപടികള്‍ക്കാണ് ഇതോടെ അവസാനമാകുന്നത്.

An Australian Special Operations Task Group soldier observing the valley during the Shah Wali Kot Offensive.

An Australian Special Operations Task Group soldier observing the valley during the Shah Wali Kot Offensive. Source: Australian Department of Defence

ഈ വര്‍ഷം സെപ്റ്റംബറോടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അവസാന ഓസ്‌ട്രേലിയന്‍ സൈനികനെയും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍  പ്രഖ്യാപിച്ചു.

രണ്ടു പതിറ്റാണ്ടായി ഓസ്‌ട്രേലിയന്‍ സൈനികര്‍ അഫ്ഗാനിസ്ഥാനിലുണ്ട്.

2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പിന്നാലെ അമേരിക്ക തുടങ്ങിയ അഫ്ഗാന്‍ യുദ്ധത്തിലാണ് ഓസ്‌ട്രേലിയയും പങ്കാളിയായത്.
20 വര്‍ഷത്തിനിടെ 39,000ലേറെ ഓസ്‌ട്രേലിയൻ സൈനികരെ അഫ്ഗാനിസ്ഥാനില്‍ വിന്യസിച്ചിരുന്നു.
ഇതില്‍ 41 പേര്‍ കൊല്ലപ്പെട്ടു. ഇതിന്റെ പലമടങ്ങ് അധികം പേര്‍ക്കാണ് അഫ്ഗാന്‍ യുദ്ധത്തില്‍  പരുക്കേറ്റിട്ടുള്ളത്.

'ഏറെ വൈകാരികമായ ഒരു ദിവസമാണ്' ഇതെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ സൈന്യത്തെ പിന്‍വലിക്കുന്ന പ്രഖ്യാപനം നടത്തിയത്.

അഫ്ഗാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട 41 സൈനികരുടെയും പേരുകള്‍ പ്രധാനമന്ത്രി വായിച്ചു.

നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടെങ്കിലും, അനിവാര്യമായ ഒരു നടപടിയായിരുന്നു അഫ്ഗാനിസ്ഥാനിലെ സൈനിക വിന്യാസമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'സ്വാതന്ത്ര്യത്തിനു വേണ്ടി നല്‍കിയ വിലയാണ് അത്. ഓസ്‌ട്രേലിയക്കാര്‍ എപ്പോഴും അതില്‍ വിശ്വസിക്കുന്നു', എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
നിലവില്‍ 80 ഓസ്‌ട്രേലിയന്‍ സൈനികരാണ് അഫ്ഗാനിലുള്ളത്.
രണ്ടു വര്‍ഷം മുമ്പ് 1,500ലേറെ പേരുണ്ടായിരുന്നത്, ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരികയായിരുന്നു.

അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമയമായി എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയും സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനില്‍ ഓസ്‌ട്രേലിയന്‍ സൈനികര്‍ യുദ്ധക്കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു എന്ന ആരോപണങ്ങളെക്കുറിച്ച്  ചോദിച്ചപ്പോള്‍, അക്കാര്യങ്ങള്‍ സംസാരിക്കാന്‍ ഇനിയും സമയമുണ്ടാകുമെന്നും, ഇതല്ല യോജിച്ച സമയെന്നും പ്രധാനമന്ത്രി പറഞ്ഞു.

സൈന്യത്തെ പിന്‍വലിക്കുമെങ്കിലും, അഫ്ഗാന്‍ സര്‍ക്കാരും താലിബാനുമായുള്ള ചര്‍ച്ചകള്‍ക്ക് ഇനിയും ഓസ്‌ട്രേലിയ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.


Share
Published 15 April 2021 3:34pm
Updated 15 April 2021 4:04pm
By SBS Malayalam
Source: SBS


Share this with family and friends