“അത്യാധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുള്ള, സർക്കാർ നിയന്ത്രിത സൈബർ ആക്രമണമാണ്” നടക്കുന്നതെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി.
ഓസ്ട്രേലിയൻ സർക്കാരിന് ഇതേക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതായും, അതേക്കുറിച്ച് ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഏത് രാജ്യമാണ് ഇതിനു പിന്നിലെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.
വ്യാപകമായ ലക്ഷ്യമാണ് ആക്രമണം നടത്തുന്നവർക്കെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ എല്ലാ തലങ്ങളെയും, വ്യവസായ വാണിജ്യ രംഗത്തെയും, രാഷ്ട്രീയ പാർട്ടികളെയും, വിദ്യാഭ്യാസം, ആരോഗ്യം, അവശ്യസേവനം തുടങ്ങിയ മേഖലെകളെയുമെല്ലാം ലക്ഷ്യം വച്ചാണ് ആക്രമണം.
എന്നാൽ വലിയ രീതിയിൽ സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരമൊരു ഭീഷണി പുതിയതല്ലെന്നും, എന്നാൽ ഇപ്പോഴത്തേത് വ്യക്തമായി ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയൻ ജനത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്തിയതെന്നും സ്കോട്ട് മോറിസൻ വ്യക്തമാക്കി.
ചൈനയാണോ ആക്രമണത്തിന് പിന്നിലെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്്പോൾ, “ഇക്കാര്യത്തിൽ പരസ്യമായി ആരുടെയെങ്കിലും പേരു പറയില്ല” എന്നാണ് പ്രധാനമന്ത്രി മറുപടി നൽകിയത്.
എന്നാൽ വിദേശ സർക്കാർ തന്നെയാണ് ഇതിന്റെ പിന്നിലെന്ന് അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ചൈനയാണ് ആക്രമണത്തിന് പിന്നിലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി എ ബി സി റിപ്പോർട്ട് ചെയ്തു.