സിംഗപ്പൂരുമായുള്ള ധാരണക്ക് ശേഷം ഓസ്‌ട്രേലിയയിൽ ഈ ആഴ്ച അഞ്ച് ലക്ഷം ഡോസ് ഫൈസർ വാക്‌സിൻ എത്തും.
ഓസ്‌ട്രേലിയയിലെ വാക്‌സിനേഷൻ നിരക്ക് കൂട്ടുവാൻ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് 16 വയസിന് മുകളിൽ പ്രായമുള്ളവരിൽ 70 മുതൽ 80 ശതമാനത്തിലധികം പേരും വാക്‌സിനേഷൻ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിൻ വിതരണം സജീവമാക്കിയിരിക്കുകയാണ്.
ഈ ആഴ്ചയെത്തുന്ന വാക്‌സിൻ അടുത്തയാഴ്ച മുതൽ വിതരണം ചെയ്യാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതിന് പുറമെ ഫൈസറിന്റെയും മൊഡേണയുടെയും 5.5 മില്യൺ ഡോസ് വാക്‌സിൻ ഓസ്‌ട്രേലിയയിൽ വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിംഗപ്പൂരുമായുള്ള ധാരണപ്രകാരം അഞ്ച് ലക്ഷം ഫൈസർ വാക്‌സിൻ ഡോസുകൾ ഡിസംബറിൽ സിംഗപ്പൂരിന് തിരിച്ചു നൽകേണ്ടതാണ്.
ഈ മാസമാദ്യം പോളണ്ടിൽ നിന്ന് ഒരു മില്യൺ ഡോസ് വാക്‌സിൻ ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു.
ന്യൂ സൗത്ത് വെയിൽസിൽ പുതിയ 1164 കേസുകളാണ് സ്ഥിരീകരിച്ചത്. വിക്ടോറിയയിൽ 76 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതെ സമയം ACT യിലെ ലോക്ക്ഡൗൺ സെപ്റ്റംബർ 17 വരെ നീട്ടുന്നതായി മുഖ്യമന്ത്രി ആൻഡ്രൂ ബാർ പ്രഖ്യാപിച്ചു. ടെറിട്ടറിയിൽ 13 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
ന്യൂ സൗത്ത് വെയിൽസിൽ മൂന്ന് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,006 ലേക്ക് ഉയർന്നു.