COVIDSafe: ഓസ്ട്രേലിയയിലെ പുതിയ കൊറോണ പ്രതിരോധ ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

കൊവിഡ്-19 വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ സഹായിക്കുന്ന മൊബൈൽ ഫോൺ ആപ്പാണ് കൊവിഡ്സേഫ് (COVIDSafe). "ഓസ്ട്രേലിയക്കാർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ സഹായിക്കുന്ന ടിക്കറ്റാണ് ഈ ആപ്പ്" എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. കൊവിഡ്സേഫ് ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

A close up of the government's coronavirus tracing app.

Source: SBS

ഓസ്ട്രേലിയയിലെ കൊറോണവൈറസ് നിയന്ത്രണങ്ങൾ ഇളവു ചെയ്യണമെങ്കിൽ അതിനു വേണ്ട പ്രധാന കടമ്പകളിലൊന്ന് എന്നാണ് കൊവിഡ് സേഫ് ആപ്പിനെ സർക്കാർ ചൂണ്ടിക്കാട്ടുന്നത്. പരമാവധി ഓസ്ട്രേലിയക്കാർ ഈ ആപ്പ് ഡൗൺലോഡ് ചെയ്താൽ നിയന്ത്രണം ഇളവു ചെയ്യൽ അത്രയും എളുപ്പമാകുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.

എന്താണ് കൊവിഡ്സേഫ് ആപ്പ്?

കൊറോണവൈറസ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനു വേണ്ടിയാണ് കൊവിഡ്സേഫ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

വൈറസ്ബാധ സ്ഥിരീകരിക്കുന്ന ഒരാളുടെ മൊബൈൽ ഫോണിലെ ആപ്പിൽ ശേഖരിച്ചിരിക്കുന്ന വിവരങ്ങൾ ആരോഗ്യവകുപ്പ് അധികൃതർക്ക് കൈമാറുന്നതിലൂടെ ഇത്തരത്തിൽ സമ്പർക്കം പുലർത്തിയവരെ തിരിച്ചറിയാൻ കഴിയും.

മൊബൈൽ ഫോണിൽ ഇതേ ആപ്പുള്ള മറ്റൊരാളുമായി ഒന്നര മീറ്ററിൽ കുറഞ്ഞ അകലത്തിൽ എത്തിയോ എന്നും, 15 മിനിട്ടിൽ കൂടുതൽ സമയം ഇത്രയും അടുത്ത് ഉണ്ടായിരുന്നോ എന്നും ആപ്പ് രേഖപ്പെടുത്തും.

കൊവിഡ്സേഫ് ആപ്പ് ഡൗൺലോഡ് ചെയ്യണമോ എന്നത് ഓരോരുത്തർക്കും സ്വയം തീരുമാനിക്കാം. അതായത്, ഇത് നിർബന്ധിതമല്ല.

എല്ലാ ഓസ്ട്രേലിയക്കാരും  ആപ്പ് ഡൗൺലോഡ് ചെയ്യണം എന്നാണ് സർക്കാരിന്റെ പ്രതീക്ഷ. കൂടുതൽ പേർ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ വൈറസ് ബാധ കണ്ടെത്താനും നിയന്ത്രിക്കാനും അത്രയും എളുപ്പമാകും.

കൊവിഡ്സേഫ് ആപ്പിലെ വിവരങ്ങൾ സർക്കാർ എങ്ങനെ ഉപയോഗിക്കും?

നിലവിൽ കൊവിഡ്-19 സ്ഥിരീകരിച്ചവരിൽ നിന്ന് നേരിട്ട് ലഭിക്കുന്ന വിവരങ്ങൾവച്ചാണ് സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നത്. ഈ നടപടി വേഗത്തിലാക്കാനായിരിക്കും പുതിയ ആപ്പ് സഹായിക്കുക.

ഒരാൾക്ക് വൈറസ്ബാധയുണ്ട് എന്ന് തിരിച്ചറിയുന്നതിനു മുമ്പു തന്നെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അല്ലെങ്കിൽ പൊതുസമൂഹത്തിലേക്കും അത് നൽകാൻ സാധ്യതയുണ്ട്. ഈ ആപ്പ് ഉപയോഗിക്കുന്നത് വഴി ആ സാധ്യത കുറയ്ക്കാം.

ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ചുകഴിഞ്ഞാൽ അയാളുടെ സമ്മതത്തോടെ മാത്രമായിരിക്കും ആപ്പിലെ വിവരങ്ങൾ സർക്കാർ സ്റ്റോറേജ് സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യുന്നത്.
സംസ്ഥാന/ടെറിട്ടറി ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് മാത്രമേ ഈ വിവരങ്ങൾ പരിശോധിക്കാൻ കഴിയൂ.
ആരോടെങ്കിലും ക്വാറന്റൈനിൽ പോകാനോ, പരിശോധന നടത്താനോ ഉള്ള നിർദ്ദേശം നൽകാൻ മാത്രമായിരിക്കും ആപ്പിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കാൻ കഴിയുക.

സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ഓസ്ട്രേലിയൻ സർക്കാർ ഉപയോഗിക്കുന്ന ഏക ആപ്പ് ഇതാണ്. കൂടുതൽ വിശദാംശങ്ങൾക്ക് സന്ദർശിക്കാം.

കൊവിഡ്സേഫ് ആപ്പിൽ എന്തൊക്കെ വ്യക്തിവിവരം നൽകണം?

കൊവിഡ്സേഫ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർ പേര്, മൊബൈൽ നമ്പർ, ഏതു പ്രായവിഭാഗം, പോസ്റ്റ് കോഡ് എന്നീ വിവരങ്ങളാണ് നൽകേണ്ടത്. രജിസ്ട്രേഷൻ പൂർത്തിയാക്കാനായി SMS മുഖേന ഒരു സന്ദേശം ലഭിക്കും. ഇത് പൂർത്തിയാക്കുമ്പോൾ എൻക്രിപ്റ്റ് ചെയ്ത ഒരു റെഫറൻസ് കോഡ് ഉണ്ടാകും. ഇതായിരിക്കും നിങ്ങൾക്കായി ആപ്പ് ഉപയോഗിക്കുന്നത്.

ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ആപ്പ് പ്രവർത്തിക്കുന്നത്. കൊവിഡ്സേഫ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുള്ള മറ്റു ഫോണുകളെ ബ്ലൂടൂത്ത് മുഖേന നിങ്ങളുടെ ഫോണിലെ ആപ്പ് തിരിച്ചറിയും. ഫോണുകളിലെ ബ്ലൂടൂത്ത് ഓൺ ആയിരിക്കണം.
Covid Safe
Source: Covid Safe App
ഇത്തരത്തിൽ മറ്റൊരു ഫോണിന്റെ സമീപത്തെത്തുമ്പോൾ, ആ തീയതി, സമയം, എത്ര അകലത്തിലാണ്, എത്രനേരം സമീപത്തുണ്ടായിരുന്നു എന്നീ കാര്യങ്ങൾ ആപ്പ് ശേഖരിക്കും.
ഉപയോഗിക്കുന്നയാളുടെ ലൊക്കേഷൻ, അഥവാ സ്ഥലവിവരങ്ങൾ, ആപ്പ് ശേഖരിക്കില്ല.
ശേഖരിക്കുന്ന വിവരങ്ങളെല്ലാം എൻക്രിപ്റ്റ് ചെയ്ത് സുരക്ഷിതമാക്കും എന്നാണ് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചിരിക്കുന്നത്.

ഫോണിൽ തന്നെയായിരിക്കും ഈ വിവരങ്ങൾ സൂക്ഷിക്കുക. ഒരു ദിവസം ശേഖരിക്കുന്ന വിവരങ്ങൾ അടുത്ത 21 ദിവസത്തേക്ക് മാത്രമേ ഫോണിൽ ശേഖരിച്ചുവയ്ക്കൂ. അത് കഴിയുമ്പോൾ ഡിലീറ്റ് ആകും.

കൊവിഡ്-19ന്റെ ഇൻകുബേഷൻ സമയവും, പരിശോധന നടത്താനെടുക്കുന്ന സമയവും കണക്കിലാക്കിയാണ് 21 ദിവസം എന്ന സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.

ആപ്പ് ഉപയോഗിക്കുന്ന ഒരാൾ പോസിറ്റീവായാൽ?

ആപ്പ് ഉപയോഗിക്കുന്ന ഒരാൾക്ക് വൈറസ്ബാധ സ്ഥിരീകരിച്ചാൽ, അയാളുടെ അനുവാദത്തോടെ ആപ്പിലെ വിവരങ്ങൾ സർക്കാരിന്റെ സുരക്ഷിതമായ സ്റ്റോറേജ് സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യും. തുടർന്ന് സംസ്ഥാന/ടെറിട്ടറി ആരോഗ്യ ഉദ്യോഗസ്ഥർ താഴെ പറയുന്ന കാര്യങ്ങൾക്കാകും ഈ വിവരങ്ങൾ ഉപയോഗിക്കുക:

  • ആപ്പിലെ വിവരങ്ങൾ ഉപയോഗിച്ച് സമ്പർക്കത്തിലെത്തിയവരെ കണ്ടെത്താൻ ശ്രമിക്കും. നിലവിലുള്ള കോൺടാക്ട് ട്രേസിംഗ് സംവിധാനത്തിന് ഒപ്പമാകും ഇതും ഉപയോഗിക്കുക
  • സമ്പർക്കത്തിലെത്തിയവരെ/രക്ഷിതാക്കളെ വിളിച്ച് അതേക്കുറിച്ച് അറിയിപ്പ് നൽകും
  • അടുത്തതായി എന്തു ചെയ്യണം എന്ന നിർദ്ദേശങ്ങൾ നൽകും. പ്രധാനമായും ഈ നിർദ്ദേശങ്ങളാകും നൽകുക:
    • എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
    • എപ്പോൾ, എങ്ങനെ പരിശോധന നടത്താം
    • കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വൈറസ് പകരുന്നത് എങ്ങനെ ഒഴിവാക്കാം
  • ആരിൽ നിന്നാകാം വൈറസ് കിട്ടിയിരിക്കാൻ സാധ്യത എന്ന കാര്യം ആരോഗ്യവകുപ്പ് പറയില്ല
ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ ഈ വായിക്കാം.


People in Australia must stay at least 1.5 metres away from others and gatherings are limited to two people unless you are with your family or household.

If you believe you may have contracted the virus, call your doctor (don’t visit) or contact the national Coronavirus Health Information Hotline on 1800 020 080. If you are struggling to breathe or experiencing a medical emergency, call 000.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at .


Share
Published 28 April 2020 11:39am
Updated 5 May 2020 9:10am
By SBS RADIO
Source: SBS News, Australian Government Department of Health


Share this with family and friends