ഇന്ത്യയിലെ പ്രതിദിന കൊവിഡ് ബാധ മൂന്നര ലക്ഷം കടക്കുകയും, രാജ്യത്തെ ആശുപത്രികൾ അതീവ ഗുരുതരമായ ഓക്സിജൻ ക്ഷാമം നേരിടുകയും ചെയ്യുകയാണ്.
തുടർച്ചയായ അഞ്ചാം ദിവസവും പുതിയ റെക്കോർഡിലേക്കാണ് ഇന്ത്യയിലെ കേസുകൾ ഉയർന്നത്.
ഈ സാഹചര്യത്തിൽ ഇന്ത്യയെ സഹായിക്കാനായി വിവിധ രാജ്യങ്ങൾ മുന്നോട്ടുവന്നിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടത്ര പിൻതുണ നൽകാനായി ഓസ്ട്രേലിയയും തയ്യാറാകുമെന്ന് ഫെഡറൽ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
ഏതുതരത്തിലുള്ള സഹായമാണ് ഇന്ത്യയ്ക്ക് എത്തിക്കാൻ കഴിയുക എന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മറ്റ് ആരോഗ്യസഹായങ്ങൾ നൽകാൻ ഓസ്ട്രേലിയയ്ക്ക് കഴിയുമെങ്കിലും, ഇന്ത്യയ്ക്ക് ഇപ്പോൾ ഏറ്റവുമധികം ആവശ്യമുള്ളത് ആശുപത്രികളിലെ ഓക്സിജൻ ലഭ്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Minister for Health Greg Hunt. Source: AAP
ഓക്സിജൻ ലഭിക്കാതെ ശ്വാസം മുട്ടുകയാണ് ഇന്ത്യ എന്നാണ് ഗ്രെഗ് ഹണ്ട് പറഞ്ഞത്.
വിവിധ സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്ത് ഇന്ത്യയ്ക്ക് ഓക്സിജൻ ലഭ്യമാക്കാനുള്ള നടപടികൾ പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാനങ്ങളിൽ നിന്നുള്ള ഓക്സിജൻ സ്റ്റോക്ക് ഇന്ത്യയെ സഹായിക്കാനായി വിട്ടുനൽകാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്.
അതിനു പുറമേ, ഇന്ത്യയിലേക്ക് വെന്റിലേറ്ററുകളും എത്തിക്കാൻ കഴിയുമെന്ന് ഗ്രെഗ് ഹണ്ട് ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയയിൽ സ്ഥിതി മോശമായാൽ ലഭ്യമാക്കുന്നതിനു വേണ്ടി നോൺ-ഇൻവേസീവ് വെന്റിലേറ്ററുകളുടെ ലഭ്യത പല മടങ്ങ് വർദ്ധിപ്പിച്ചിരുന്നു.
ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
അവശ്യം വേണ്ട വെന്റിലേറ്ററുകൾ ഇവിടെ സൂക്ഷിക്കുമെങ്കിലും, ഇന്ത്യയ്ക്ക് ആവശ്യമാണെങ്കിൽ ആ സഹായം എത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റിന്റെ സുരക്ഷാ സമിതി യോഗമാകും ഇക്കാര്യം തീരുമാനിക്കുക.
ഇതിനു പുറമേ, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യവും സുരക്ഷാ സമിതി പരിശോധിക്കും.
ഇന്ത്യയിലെ കൊവിഡ് ബാധ ഓസ്ട്രേലിയയിലേക്ക് കൂടുതൽ വ്യാപിക്കുന്നത് തടയാൻ ഉദ്ദേശിച്ചാണ് ഇത്.
രാജ്യത്തേക്ക് തിരിച്ചെത്താൻ കഴിയാതെ ഏറ്റവുമധികം ഓസ്ട്രേലിയക്കാർ കുടുങ്ങിക്കിടക്കുന്നത് ഇന്ത്യയിലാണ്.
ഇതോടൊപ്പം, IPL മത്സരത്തിൽ പങ്കെടുക്കുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുൾപ്പെടെ ഇന്ത്യയിലുണ്ട്.
എല്ലാ വിമാനങ്ങളും നിർത്തിവയ്ക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചാൽ, ഇവരുടെയെല്ലാം തിരിച്ചെത്തൽ വീണ്ടും നീണ്ടുപോകും.