വിക്ടോറിയയിൽ കെട്ടിടങ്ങൾക്ക് ഉള്ളിൽ മാസ്ക് വേണ്ട; വർക്ക് ഫ്രം ഹോം നിബന്ധനകളും അവസാനിക്കും

വിക്ടോറിയയിൽ വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ കെട്ടിടങ്ങൾക്ക് ഉള്ളിൽ മാസ്ക് നിർബന്ധമായിരിക്കില്ല എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. വർക്ക് ഫ്രം ഹോം നിയന്ത്രണങ്ങളിലും മാറ്റം പ്രഖ്യാപിച്ചു.

Members of the public wait to be tested at a pop up COVID clinic in Melbourne's North, Wednesday, December 22, 2021. Victoria is considering tightening indoor mask mandates, as testing sites continue to be inundated. (AAP Image/Joel Carrett) NO ARCHIVING

Source: AAP

സാധ്യമായ സാഹചര്യങ്ങളിൽ വീട്ടിൽ നിന്ന് ജോലി ചെയ്യണം എന്ന നിർദ്ദേശം പിൻവലിക്കുന്നതായി വിക്ടോറിയൻ സർക്കാർ പ്രഖ്യാപിച്ചു. വീട്ടിൽ നിന്നുള്ള പഠനത്തിനും ഇത് ബാധകമാകും.

വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

''വാക്‌സിനേഷൻ സ്വീകരിക്കാൻ മുന്നോട്ട് വരുന്നതിൽ വിക്ടോറിയക്കാർ മികച്ച രീതിയിൽ സഹകരിച്ചു, ഇനി ഓഫീസുകളിലേക്ക് കൂടുതൽ പേർക്ക് തിരിച്ചെത്താൻ കഴിയും'', എന്ന് ആരോഗ്യ മന്ത്രി മാർട്ടിൻ ഫോളി പറഞ്ഞു. 

മാസ്ക് ധരിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളിലും മാറ്റം ബാധകമായിരിക്കും.

വിക്ടോറിയയിൽ കെട്ടിങ്ങൾക്ക് ഉള്ളിൽ മാസ്ക് നിർബന്ധമായിരിക്കില്ല.

എന്നാൽ പൊതുഗതാഗതം, ടാക്‌സികൾ, റൈഡ് ഷെയർ വാഹനങ്ങൾ, വിമാനം, വിമാനത്താവളങ്ങൾ, ആശുപത്രികൾ, പരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമായി തുടരും. 

അതെസമയം പ്രൈമറി ഗ്രേഡ് വിദ്യാർത്ഥികൾ ക്ലാസ് റൂമിൽ മാസ്ക് ധരിക്കണം എന്ന നിബന്ധനയിൽ മാറ്റമില്ലെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു.

ഈ വിഭാഗത്തിൽ വാക്‌സിനേഷൻ നിരക്ക് കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

30,000 ത്തിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ കെട്ടിടങ്ങൾക്ക് ഉള്ളിൽ ജോലി ചെയ്യുന്നവർക്ക് മാസ്ക് നിർബന്ധമായിരിക്കും. 

ഇലക്റ്റീവ് ശസ്ത്രക്രിയകൾ പുനരാരംഭിക്കുന്നതായും വിക്ടോറിയൻ സർക്കാർ വ്യക്തമാക്കി.
വിക്ടോറിയയിൽ 14 പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 6,786 പുതിയ കേസുകളും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

വിക്ടോറിയൻ ആശുപത്രികളിൽ 345 ചികിത്സ തേടുന്നുണ്ട്. 48 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ന്യൂ സൗത്ത് വെയിൽസിലും 14 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 8,752 കൊവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ ആശുപത്രികളിൽ കൊവിഡ് ബാധിതരായ 1,293 രോഗികൾ ചികിത്സ തേടുന്നതായാണ് കണക്കുകൾ. 71 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

 


Share
Published 22 February 2022 1:17pm
Updated 22 February 2022 1:24pm
By SBS Malayalam
Source: AAP, SBS


Share this with family and friends