ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കൊവിഡ് ലോക്ക്ഡൗണിലൂടെ കടന്നുപോയവരാണ് മെൽബൺ സ്വദേശികൾ.
നാലര മാസത്തിനു ശേഷം പുതിയ കേസുകളില്ലാത്ത ദിവസം റിപ്പോർട്ട് ചെയ്തതോടെ, ലോക്ക്ഡൗൺ പിൻവലിക്കുന്നതായി സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിക്കുകയായിരുന്നു.
തുടർച്ചയായി രണ്ടു ദിവസം പുതിയ കേസില്ലാത്തതോടെ ചൊവ്വാഴ്ചയും കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.
മെൽബൺകാർക്ക് ബുധനാഴ്ച മുതൽ ഈ സ്വാതന്ത്ര്യങ്ങൾ ലഭിക്കും
വീട്ടിനു പുറത്തിറങ്ങാൻ കാരണം കാണിക്കണ്ട
കഴിഞ്ഞ നിരവധി മാസങ്ങളായി സ്വന്തം വീട്ടിനു പുറത്തിറങ്ങാൻ പോലും മെൽബൺകാർക്ക് സ്വാതന്ത്ര്യമില്ലായിരുന്നു.
നാലു വ്യക്തമായ സാഹചര്യങ്ങളിൽ മാത്രമായിരുന്നു വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുമതി.
എന്നാൽ ബുധനാഴ്ച മുതൽ ഇത്തരം നിയന്ത്രണങ്ങളൊന്നുമുണ്ടാകില്ല.
അതായത്, എന്തു കാര്യത്തിനു വേണമെങ്കിലും വീട്ടിൽ നിന്ന് പുറത്തിറങ്ങാം.
ഇനി കാര്യമില്ലാതെ പുറത്തിറങ്ങിയാലും പൊലീസ് പിടിക്കില്ല.
പക്ഷേ പുറത്തിറങ്ങി എത്ര ദൂരം പോകാം എന്നതിന് ഇപ്പോഴും നിയന്ത്രണമുണ്ട്. 25 കിലോമീറ്റർ മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളൂ.
നവംബർ എട്ടു വരെയായിരിക്കും ഈ 25 കിലോമീറ്റർ പരിധി നിലനിൽക്കുക.
മെൽബൺകാർക്ക് ഉൾനാടൻ വിക്ടോറിയയിലേക്ക് പോകാനും അതിനു മുമ്പ് അനുമതിയുണ്ടാകില്ല.
നവംബർ എട്ട് അർദ്ധരാത്രിയോടെ, നഗരത്തിനു ചുറ്റുമുള്ള ഈ “ഉരുക്കുവലയം” അവസാനിക്കും.
പ്രീമിയറുടെ വാക്കുകൾ പ്രകാരം, “വിക്ടോറിയ വീണ്ടും ഒന്നായി മാറും”.
വീടു സന്ദർശനം തുടങ്ങാം
അടുത്ത സുഹൃത്തുക്കളുടെയോ, ഒരു ബന്ധുവിന്റെയോ വീട്ടിലേക്ക് പോകാൻ കഴിയാതെ മാസങ്ങൾ കാത്തിരുന്നവർക്ക് ബുധനാഴ്ച മുതൽ അത് സാധ്യമാകും.
എന്നാൽ അതിനും നിയന്ത്രണങ്ങളുണ്ട്.
പ്രായപൂർത്തിയായ രണ്ടു പേർക്കും, അവരെ ആശ്രയിച്ചു കഴിയുന്നവർക്കും ഒരു ദിവസം ഏതെങ്കിലും ഒരു വീടു സന്ദർശിക്കാം.
ഇതും 25 കിലോമീറ്റർ പരിധിയിൽ മാത്രമേ ഇപ്പോൾ കഴിയൂ.
സന്ദർശം എത്ര നേരം വേണമെങ്കിലും നീണ്ടുപോകാമെങ്കിലും, അതേ ദിവസം രണ്ടാമതൊരു വീടു കൂടെ സന്ദർശിക്കാനോ, അല്ലെങ്കിൽ രണ്ടാമതൊരു കുടുംബത്തിന് നിങ്ങളുടെ വീട്ടിലെത്താനോ അനുവാദമുണ്ടാകില്ല.
കോഫി കുടിക്കാം... ബിയറും
ഇതുവരെ ടേക്ക് എവേ ആയി മാത്രം പ്രവർത്തിച്ചിരുന്ന റെസ്റ്റോറന്റുകൾ, ബാറുകൾ, പബുകൾ, കഫേകൾ എന്നിവയിലെല്ലാം ഇനിമുതൽ ഇരിപ്പിടം ലഭിക്കും.
എന്നാൽ അനുവദിക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണങ്ങളുണ്ട്.
കെട്ടിടങ്ങൾക്കുള്ളിൽ പരമാവധി 20 പേരെ വരെയാണ് ഒരു സമയം അനുവദിക്കുന്നത്. ഒറ്റ മുറിയിൽ/ഹോളിൽ 10 പേർ മാത്രമേ പാടുള്ളൂ.
ഔട്ട്ഡോറിൽ ഒരു സ്ഥാപനത്തിന് 50 പേരെ വരെ അനുവദിക്കാം.
ചെറുകിട വ്യാപാരം തുടങ്ങും
റീട്ടെയിൽ സ്ഥാപനങ്ങൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയവയെല്ലാം ബുധനാഴ്ച മുതൽ തുറക്കും.

Retail outlets in Melbourne will be allowed to reopen from 9 November. Source: AAP
മതപരമായ ചടങ്ങുകൾ
മതപരമായ ചടങ്ങുകൾക്കും പ്രാർത്ഥനയ്ക്കുമായി കെട്ടിടങ്ങൾക്കുള്ളിൽ 10 പേർക്ക് വരെ ഒത്തുകൂടാം. ചടങ്ങിന് നേതൃത്വം നൽകുന്നയാൾക്ക് പുറമേയാണ് ഇത്.
ഔട്ട്ഡോറിൽ 20 പേർക്ക് വരെയാണ് ഒത്തുകൂടാൻ പറ്റുന്നത്.
വിവാഹ ചടങ്ങുകൾക്ക് 10 പേരെ വരെ അനുവദിക്കും.
മരണാനന്തര ചടങ്ങുകൾക്ക് കെട്ടിടങ്ങൾക്ക് പുറത്ത് 20 പേരെ വരെയും.
കായിക മത്സരങ്ങൾ
കെട്ടിടങ്ങൾക്ക് പുറത്ത് 18 വയസിനു താഴെയുള്ള എല്ലാ സാമൂഹ്യ കായിക വിനോദങ്ങളും പുനരാരംഭിക്കും.
18 വയസിനു മേലുള്ളവർക്ക് പരസ്പര സ്പർശമില്ലാത്ത കായിക ഇനങ്ങൾ മാത്രമേ പാടുള്ളൂ.
നവംബർ 9 മുതൽ എന്തൊക്കെ മാറും
മുകളിൽ സൂചിപ്പിച്ച പോലെ, നവംബർ ഒമ്പതു മുതൽ സംസ്ഥാനം വീണ്ടും ഒന്നായി മാറും.
അതായത്, സംസ്ഥാനത്ത് എവിടേക്ക് വേണമെങ്കിലും യാത്ര ചെയ്യാം. 25 കിലോമീറ്റർ പരിധിയും ഒഴിവാക്കും.
മറ്റു ഇളവുകൾ ഇവയാണ്:
- ജിമ്മുകളും ഫിറ്റ്നസ് സ്റ്റുഡിയോകളും തുറക്കും. പരമാവധി 20 പേർ
- റെസ്റ്റോറന്റുകളും ബാറുകളും കഫെകളുമെല്ലാം ഇൻഡോറിൽ 40 പേരും ഔട്ട്ഡോറിൽ 70 പേരും
- മതപരമായ ചടങ്ങുകൾ ഇൻഡോറിൽ 20 പേരും, ഔട്ട്ഡോറിൽ 50 പേരും
- മരണാനന്തര ചടങ്ങുകൾക്കും ഇതേ പരിധി
- ഇൻഡോർ നീന്തൽക്കുളങ്ങളിൽ 20 പേർ വരെ
തുടരുന്ന നിയന്ത്രണങ്ങൾ
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വർക്ക് ഫ്രം ഹോം തുടരും.
സാധ്യമായ സാഹചര്യങ്ങളിൽ വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യണം എന്നാണ് നിർദ്ദേശം.
എന്നാൽ ജോലിക്ക് പോകണമെങ്കിൽ അതിന് വർക്ക് പെർമിറ്റ് വേണ്ടിവരില്ല.
മാസ്ക് ഉപയോഗവും തുടരും. ഉപയോഗിച്ചില്ലെങ്കിൽ പിഴ ലഭിക്കുന്നതും തുടരും.
അത് അടുത്ത വർഷം വരെ തുടരും എന്നാണ് പ്രീമിയർ വ്യക്തമാക്കിയിരിക്കുന്നത്.
People in Australia must stay at least 1.5 metres away from others.
Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
Please check the relevant guidelines for your state or territory: , , , , , , .