ഓസ്‌ട്രേലിയയില്‍ കൊറോണവൈറസിന്റെ രണ്ടാം വ്യാപന സാഹചര്യവും മെച്ചപ്പടുന്നതിനാലാണ് ആഭ്യന്തര അതിര്‍ത്തികള്‍ തുറക്കുന്ന കാര്യം ദേശീയ ക്യാബിനറ്റില്‍ ചര്‍ച്ചയായത്.
എന്നാല്‍, ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല.
ഡിസംബര്‍ മാസത്തോടു കൂടി പരമാവധി ആഭ്യന്തര അതിര്‍ത്തികള്‍ തുറക്കുന്നത് ലക്ഷ്യമിടുക എന്ന നിര്‍ദ്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്.
ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍ണ്ണയിക്കുന്നതില്‍ ദേശീയ തലത്തില്‍ ഒരു അഭിപ്രായ ഐക്യമുണ്ടാക്കുകയെന്നും, അത് അടിസ്ഥാനമാക്കി മറ്റു നിയന്ത്രണങ്ങള്‍ ഒഴിവാക്കുക എന്നതുമാണ് ദേശീയ ക്യാബിനറ്റ് ചര്‍ച്ച ചെയ്ത നയം.
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളോടും ഇതിനോട് യോജിച്ചതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ വ്യക്തമാക്കി.
പ്രായോഗികമായ നടപടികളിലൂടെ ഡിസംബറോടെ ഓസ്‌ട്രേലിയക്കാര്‍ക്ക് കൂടുതല്‍ ആഭ്യന്തര യാത്രകള്‍ സാധ്യമാക്കുക എന്ന ധാരണയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്ത്മസോടെ ഇതു നടപ്പാക്കുക എന്ന ലക്ഷ്യത്തോട് എട്ടു സംസ്ഥാനങ്ങളില്‍ ഏഴും യോജിച്ചു.
വൈറസിന്‌റെ ഒന്നാം വ്യാപനം മെച്ചപ്പെട്ടതിനു പിന്നാലെ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഒരു മൂന്നു ഘട്ട പദ്ധതി ദേശീയ ക്യാബിനറ്റ് പ്രഖ്യാപിച്ചിരുന്നു. മൂന്നാം ഘട്ടമായി ജൂലൈയില്‍ ആഭ്യന്തര അതിര്‍ത്തികള്‍ തുറക്കാനായിരുന്നു ലക്ഷ്യം.
എന്നാല്‍ വിക്ടോറിയയിലെ സ്ഥിതി മോശമായതോടെ ഈ പദ്ധതി താളം തെറ്റിയിരുന്നു.
പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
'എത്ര പേര്‍ക്ക് ഒരു കഫെയില്‍ ഒത്തുകൂടാം എന്നതുമാത്രമായിരിക്കില്ല ഈ പദ്ധതി. മറിച്ച്, വൈറസ് പരിശോധന എങ്ങനെ ഫലപ്രദമാക്കാമെന്നും, ജനങ്ങളുടെ യാത്ര എങ്ങനെയൊക്കെയാകണമെന്നും ഇതില്‍ വിശദീകരിക്കും.' - പ്രധാനമന്ത്രി പറഞ്ഞു.
ഹോട്ട്‌സ്‌പോട്ടുകളെക്കുറിച്ച് ധാരണയിലെത്തുക എന്നതാണ് ഇതിന്റെ ആദ്യഘട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എത്രത്തോളം സാമൂഹിക വ്യാപനമുള്ളപ്പോഴാണ് ഒരു പ്രദേശത്തെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിക്കേണ്ടത് എന്ന കാര്യത്തില്‍ ദേശീയ തലത്തില്‍ വ്യക്തതയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സംസ്ഥാന അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിടുന്നതിനു പകരം, ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നുള്ള യാത്രക്ക് മാത്രമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് പരിശോധിക്കുന്നത്.
എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി വെളിപ്പെടുത്തിയില്ല.
നിലവില്‍ ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായ രീതിയിലാണ് ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിക്കുന്നത്. അതനുസരിച്ച് അതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്യുന്നുണ്ട്.
യോജിക്കില്ലെന്ന് WA
അതേസമയം, പരീക്ഷിച്ചു വിജയിച്ചു കഴിഞ്ഞ അതിര്‍ത്തി നിയന്ത്രണത്തിനു പകരം ഹോട്ട്‌സ്‌പോട്ട് മാതൃകയിലേക്ക് മാറുന്നതിനോട് യോജിക്കുന്നില്ലെന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പ്രീമിയര്‍ മാര്‍ക്ക് മക്ക്ഗവന്‍ പറഞ്ഞു.
ആരോഗ്യവിദഗ്ധര്‍ നിര്‌ദ്ദേശിക്കുന്നതുപ്രകാരം അതിര്‍ത്തി തുറക്കാനുള്ള തീയതി തീരുമാനിക്കുമെന്നും, എന്നാല്‍ ഇത് ധൃതിപിടിച്ച് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Western Australia Premier Mark McGowan Source: AAP
മറ്റു സംസ്ഥാനങ്ങളെക്കാള്‍ വ്യത്യസ്തമായ അതിര്‍ത്തി സാഹചര്യമാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടേത് എന്ന കാര്യം അംഗീകരിക്കുന്നതായി പ്രധാനമന്ത്രിയും ചൂണ്ടിക്കാട്ടി.
WA പ്രീമിയറുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ദേശീയ ക്യാബിനറ്റില്‍ തീരുമാനമെടുക്കുക എന്ന രീതി ഇനി ഫലപ്രദമാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.