കൊവിഡ് വാക്സിൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ പുറത്തിറക്കിയ പുതിയ പരസ്യം ഞായറാഴ്ച രാത്രി മുതലാണ് വിവിധ ചാനലുകളിൽ പ്രക്ഷേപണം ചെയ്തു തുടങ്ങിയത്.
ആശങ്കാജനകമായ പുതിയ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സിഡ്നിയിലെ ചാനലുകളിലാണ് ഈ പരസ്യം നൽകിയത്.
ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ഒരു യുവതിയെയാണ് ഈ പരസ്യത്തിൽ കാണിക്കുന്നത്.
ശ്വാസമെടുക്കാൻ കടുത്ത രീതിയിൽ ഈ യുവതി ബുദ്ധിമുട്ടുന്നതായി പരസ്യത്തിൽ കാണാം.
കൊവിഡ് ആരെയും ബാധിക്കാമെന്നും, അതിനാൽ വീട്ടിലിരിക്കുകയും വാക്സിനെടുക്കുകയും വേണമെന്നും പരസ്യത്തിൽ നിർദ്ദേശിക്കുന്നു.
സിഡ്നിയിലെ രോഗബാധ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ബോധപൂർവമാണ് ഇത്തരമൊരു പരസ്യം പുറത്തിറക്കിയതെന്ന് ഓസ്ട്രേലിയൻ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ പോൾ കെല്ലി പറഞ്ഞു.
“ജനങ്ങളെ പേടിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ഈ പരസ്യം പുറത്തിറക്കിയത്. അതു തന്നെയാണ് പരസ്യത്തിന്റെ ലക്ഷ്യം”, അദ്ദേഹം പറഞ്ഞു.
ചെറുപ്പക്കാർക്കും കൊവിഡ് ഗുരുതരമാകാമെന്നും, അതിനാൽ വാക്സിനെടുക്കണമെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ നൽകാനുദ്ദേശിക്കുന്നത്.
എന്നാൽ, ചെറുപ്പക്കാർക്ക് വാക്സിൻ ലഭ്യമല്ലാത്ത സമയത്ത് ഇത്തരമൊരു പരസ്യം നൽകിയത് അവരെ “അപമാനിക്ക”ലാണെന്ന വിമർശനവുമായി പലരും രംഗത്തെത്തി.
40 വയസിൽ താഴെയുള്ളവർക്ക് മിക്ക സംസ്ഥാനങ്ങളിലും ഇപ്പോൾ കൊവിഡ് വാക്സിൻ നൽകിത്തുടങ്ങിയിട്ടില്ല.
ഫൈസർ വാക്സിനാണ് ഈ പ്രായവിഭാഗത്തിലുള്ളവർക്ക് നിർദ്ദേശിച്ചിരിക്കുന്നത്. NSWൽ 40നും 59നും ഇടയിലുള്ളവർക്കാണ് ഇപ്പോൾ ഫൈസർ വാക്സിൻ നൽകുന്നത്.
ചെറുപ്രായക്കാർക്ക് വാക്സിൻ ലഭ്യമല്ലാതിരിക്കെ അവരെ ഭയപ്പെടുത്തുന്ന രീതിയിൽ ഇത്തരമൊരു പരസ്യം പുറത്തിറക്കിയത് തെറ്റാണെന്ന് സോഷ്യൽ മീഡിയയിൽ പലരും കുറ്റപ്പെടുത്തി.
കൊവിഡ് വ്യാപനത്തിലെ സാമൂഹിക പ്രതിസന്ധി ഏറ്റവുമധികം നേരിടുന്ന ചെറുപ്പക്കാർ, വാക്സിൻ മുൻഗണനാ പട്ടികയിലും ഏറ്റവും അവസാനമാണെന്ന് മാധ്യമപ്രവർത്തക കേറ്റ് അൽമാൻ ചൂണ്ടിക്കാട്ടി. അതിനൊപ്പമാണ് അവർക്ക് നാണക്കേടും ഭയവും തോന്നുന്ന തരത്തിലെ പുതിയ പരസ്യമെന്നും കേറ്റ് അൽമാൻ കുറ്റപ്പെടുത്തി.
ഇനിയും മാസങ്ങളോളം വാക്സിനു വേണ്ടി കാത്തിരിക്കേണ്ടി വരുന്നവരെ അപമാനിക്കലാണ് ഈ പരസ്യം എന്നായിരുന്നു മറ്റൊരു വിമർശനം.
ഇത്തരമൊരു പരസ്യത്തിനെതിരെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രികളുടെ പ്രവർത്തനത്തെക്കുറിച്ച് തെറ്റിദ്ധാരണ പടർത്തുന്നതാണ് പരസ്യം എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
പരസ്യം പിൻവലിക്കണമെന്ന് അക്കാദമിക് രംഗത്തുള്ളവരും ആവശ്യപ്പെട്ടു.