ഓസ്ട്രേലിയയിൽ വീണ്ടും കൊറോണവൈറസ് ബാധ ഭീതി പടർത്തുന്ന സാഹചര്യത്തിലാണ് വാക്സിനേഷൻ സംബന്ധിച്ച് പുതിയ നിബന്ധനകൾ കൊണ്ടുവരാൻ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചത്.
വാക്സിനേഷൻ നടപടികൾ കൂടുതൽ ത്വരിതപ്പെടുത്തണമെന്ന് വ്യാപകമായ ആവശ്യമുയരുകയും ചെയ്തിരുന്നു.
ഏജ്ഡ് കെയർ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും വാക്സിനേഷൻ നിർബന്ധമാക്കുന്നതാണ് ഏറ്റവും പ്രധാന തീരുമാനം.
ഏജ്ഡ് കെയറുകളിൽ ജോലി ചെയ്യുന്ന നല്ലൊരു ഭാഗം ജീവനക്കാർ വാക്സിനെടുക്കാൻ തയ്യാറാകുന്നില്ലെന്ന് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വാക്സിനേഷന്റെ ആദ്യഘട്ടം പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടി എന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
ലഘുവായ രീതിയിലെടുത്ത തീരുമാനമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു നാളുകളായി ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു.
രാജ്യത്ത് കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കില്ല എന്നായിരുന്നു സർക്കാർ ആദ്യം പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, സംസ്ഥാനസർക്കാരുകളും ഫെഡറൽ സർക്കാരും പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ സഹായത്തോടെ, സെപ്റ്റംബർ പകുതിയോടെ എല്ലാ ഏജ്ഡ് കെയർ ജീവനക്കാർക്കും വാക്സിനേഷൻ പൂര്ത്തിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
വാക്സിനെടുക്കുന്ന ജീവനക്കാർക്ക് അതിനെത്തുടർന്ന് ജോലിയിൽ നിന്ന് മാറിനിൽക്കേണ്ടി വന്നാൽ സഹായമെത്തിക്കാൻ 11 മില്യൺ ഡോളർ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.
ആർക്കും ആസ്ട്രസെനക്കയെടുക്കാം
രാജ്യത്ത് 60 വയയിൽ താഴെയുള്ളവർക്ക് ഫൈസർ വാക്സിൻ നൽകണമെന്നാണ് ഇതുവരെയുള്ള നിർദ്ദേശം. 60ന് മുകളിലുള്ളവർക്ക് മാത്രമാണ് ആസ്ട്രസെനക്ക വ്യാപകമായി നൽകുന്നത്.
ചില സംസ്ഥാനങ്ങൾ 40നും 59നും ഇടയിലുള്ളവർക്കും ആസ്ട്രസെനക്ക നൽകുന്നുണ്ട്.
ഫൈസർ വാക്സിന്റെ ലഭ്യത കുറവായതിനാൽ, ഭൂരിഭാഗം സംസ്ഥാങ്ങളിലും 40ൽ താഴെയുള്ളവർക്ക് ഇതുവരെയും വാക്സിനേഷൻ തുടങ്ങിയിട്ടുമില്ല.
ഈ നിബന്ധനകളിൽ മാറ്റം വരുത്തി, ആസ്ട്രസെനക്ക കൂടുതൽ വ്യാപകമായി ലഭ്യമാക്കാനാണ് പുതിയ തീരുമാനം.

A healthcare worker prepares a syringe with the Astra Zeneca Covid19 dose Source: AAP
40 വയസിൽ താഴെയുള്ളവർക്കും ഇനി ആസ്ട്രസെനക്ക ലഭ്യമാകും. GPയുമായി സംസാരിച്ച ശേഷം താൽപര്യമുണ്ടെങ്കിൽ ആസ്ട്രസെനക്ക വാക്സിൻ സ്വീകരിക്കാവുന്നതാണ്.
ആസ്ട്രസെനക്ക ലഭിക്കുന്നവർക്ക് ഏതെങ്കിലും പാർശ്വഫലമുണ്ടായാൽ GPക്ക് അതിന്റെ പേരിൽ നടപടികൾ നേരിടേണ്ടിയും വരില്ല.
ഈ തീരുമാനത്തെ ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ സ്വാഗതം ചെയ്തു.
വളരെ അപൂർവമായി മാത്രമേ ആസ്ട്രസെനക്ക വാക്സിന് പാർശ്വഫലമുള്ളൂ എന്ന് തിരിച്ചറിഞ്ഞ് നിരവധി ചെറുപ്പക്കാർ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും, അവർക്ക് ഇനി വാക്സിനെടുക്കാൻ കഴിയുമെന്നും AMA പ്രസിഡന്റ് ഡോ. ഒമർ ഖുർഷിദ് പറഞ്ഞു.