ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ മാറ്റം; എയർ സുവിധ ഫോം ഇനിവേണ്ട

കൊവിഡ്ക്കാലത്ത് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതിന് നിർബന്ധമാക്കിയിരുന്ന എയർ സുവിധ രജിസ്ട്രേഷൻ നിർത്തലാക്കുന്നതായി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചു.

India Slowly Recovers From Coronavirus Outbreak

DELHI, INDIA - MAY 26: Indian travelers waits in queue to disinfect their luggage at the drop-off point before entering Terminal 3 of the Indira Gandhi International Airport, as the country relaxed its lockdown restriction on May 26, 2020 in Delhi, India. Credit: Yawar Nazir/Getty Images

കൊവിഡ് കേസുകൾ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ ഇനി മുതൽ എയർ സുവിധ ഫോം പൂരിപ്പിക്കേണ്ടതില്ല എന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

വിദേശത്ത് നിന്ന് എത്തുന്നവരുടെ കോൺടാക്ട് ട്രാക്കിംഗ് ചെയ്യുന്നതിനായാണ് യാത്രയ്ക്ക് മുന്നോടിയായി വിവരങ്ങൾ ശേഖരിക്കുന്ന പദ്ധതി എയർ സുവിധ പോർട്ടലിലൂടെ ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയത്.

കൊവിഡ് സാഹചര്യം മാറിയിരിക്കുന്ന പശ്ചാത്തലത്തിൽ എയർ സുവിധയുടെ പ്രയോജനം കുറഞ്ഞതായി ഇന്ത്യൻ സർക്കാർ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലേക്കുള്ള യാത്രാ മാനദണ്ഡങ്ങൾ പുതുക്കി

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള മാനദണ്ഡങ്ങൾ പുതുക്കി. ഇതിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്.
  • യാത്ര ചെയ്യുന്ന വ്യക്തിയുടെ രാജ്യത്ത് നിർദ്ദേശിച്ചിട്ടുള്ള വാക്‌സിന്റെ ഏല്ലാ ഡോസുകളും സ്വീകരിച്ചിരിക്കുന്നത് അഭികാമ്യം.
  • വിമാന സർവീസുകളിൽ മഹാമാരിയെ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്നത് തുടരും.
  • വിമാന താവളങ്ങളിൽ മാസ്ക് നിർബന്ധമല്ല എന്ന് കഴിഞ്ഞയാഴ്ച വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ മാസ്ക് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതായും, സാമൂഹിക അകലം പാലിക്കുന്നത് തുടരാനും അധികൃതർ നിർദ്ദേശിക്കുന്നു.
  • യാത്രക്കിടയിൽ കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായാൽ യാത്രക്കാരെ ഐസൊലേറ്റ് ചെയ്യേണ്ടതുണ്ട്.
  • ഇന്ത്യയിൽ എത്തിയതിന് ശേഷം സ്വയം കൊവിഡ് ലക്ഷണങ്ങൾ നിരീക്ഷിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കുകയോ ദേശീയ ഹെല്പ് ലൈനിൽ ബന്ധപ്പെടുകയോ വേണം.
ഇന്ത്യയിലും ആഗോള തലത്തിലും കൊവിഡ് കേസുകൾ കുറഞ്ഞിരിക്കുന്നതായും വാക്‌സിനേഷൻ നിരക്ക് ഉയർന്നിരിക്കുന്നതായും വ്യോമയാന മന്ത്രാലയം പറഞ്ഞു.

പുതിയ നടപടി ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.

കൊവിഡ് സാഹചര്യം തുടർന്നും നിരീക്ഷക്കുമെന്നും, തീരുമാനം ആവശ്യമെങ്കിൽ പുനപരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 

Share
Published 22 November 2022 1:33pm
Updated 22 November 2022 1:40pm
Source: SBS

Share this with family and friends